കോഴിക്കോട് : ഇനി പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരന്. തല്കാലം പൊതുരംഗത്തേക്കില്ല, സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിക്കൊപ്പമുണ്ടാവും- മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും തമ്മില്‍ തല്ലിയാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ തോല്‍വിയായിരിക്കും ഫലമെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇനി ഇലക്ഷനിൽ മത്സരിക്കില്ല. പൊതുരംഗത്തേക്ക് തല്ക്കാലം ഇല്ല. സ്ഥാനാര്‍ത്ഥിയായോ കോൺഗ്രസ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കോ ഇല്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരുമ്പോള്‍ സജീവമാകും. തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് ഉണ്ടാവും. ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല. പലരും പലതും പറയും ആലോചിച്ച് തീരുമാനം എടുക്കണം എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ പഠിച്ച പാഠം” മുരളീധരന് പറഞ്ഞു. എന്ത് സംഭവിച്ചാലും ഇത്രയൊക്കെ സഹായിച്ച പാര്‍ട്ടി വിട്ട് പോവില്ല. വടകരയില്‍ ഞാനാണ് തെറ്റുകാരന്‍. അവിടുന്ന് പോവേണ്ട കാര്യം ഇല്ലായിരുന്നു. ഇനി എവിടേക്കും ഇല്ല. എന്തെല്ലാം പോയാലും ഈ വീട് ഇവിടെ ഉണ്ടാവും. രാജ്യസഭയ്ക്ക് ഞാന്‍ എതിരല്ല. തന്റേത് വിമതസ്വരമല്ലെന്നും തനിക്ക് ഇത്രയേ അച്ചടക്കം ഉള്ളൂ എന്നും മുരളീധരന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൂഡ് ഇല്ല. അതുകൊണ്ട് വയനാട്ടിലേക്ക് ഇല്ല. ഒരാള്‍ക്കെതിരെയും പരാതി ഇല്ല. എന്റെ തോല്‍വിയില്‍ അന്വേഷണ കമ്മീഷന് വേണ്ട. അന്വേഷണ കമ്മീഷന് വന്നാല്‍ വീണ്ടും തര്‍ക്കം ഉണ്ടാവും. പല കമ്മീഷന് റിപ്പോര്‍ട്ടുകളും ഞാന്‍ കണ്ടിട്ടുണ്ട്. കത്തോലിക്ക വോട്ടില്‍ വിള്ളല്‍ ഉണ്ടായി എന്നാണ് മനസിലാക്കുന്നത്. 18 സീറ്റ് എന്ന വലിയ വിജയം കിട്ടിയ ഈ സമയത്ത് സുധാകരനെ മാറ്റുന്നത് ശരിയല്ല. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ അദ്ദേഹം തുടരണം എന്നാണ് തന്റെ അഭിപ്രായമെന്നും മുരളീധരന് പറഞ്ഞു. ബിജെപിയില്‍ പോകുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ ഇരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കര ഉപ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വരാന്‍ പോകുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. തമ്മില്‍ തല്ലിയാല്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി ഉണ്ടാകും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കണം. ഇനിയും അടി തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ മുഖം വികൃതമാകും. അത് കോണ്‍ഗ്രസിന്റെ വിജയത്തിനേയും ബാധിക്കും. പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണം. അപ്രതീക്ഷിത തോല്‍വി ഉണ്ടാവുമ്പോള്‍ പ്രവര്‍ത്തകര്‍ പല രീതിയില്‍ പ്രതികരിച്ചേക്കും. വികാര പ്രകടനം തീര്‍ന്നു. ഇനി അതില്‍ പാര്‍ട്ടിക്ക് എന്ത് തീരുമാനവും എടുക്കാമെന്നും മുരളീധരന് പറഞ്ഞു.