വോട്ട് മാത്രം ലക്ഷ്യമാക്കി സിപിഎം നടത്തിയ സുഖിപ്പിക്കലിൽ മുസ്ളീം വിഭാഗങ്ങള്‍ വീഴാതിരുന്നപ്പോള്‍ അതിനെതിരെ ഉണ്ടായ ക്രൈസ്തവ- ഹിന്ദുവികാരം യുഡിഎഫിന് അനുകൂലമായി മാറിയതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. ഇതോടെ മൂന്ന് മതവിഭാഗങ്ങളും സിപിഎമ്മിനെ കൈവിട്ട അവസ്ഥയിലായി. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വലിയ തിരിച്ചടിക്ക് പിന്നിലെ പ്രധാനകാരണങ്ങളിലൊന്ന് ഇതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
2021 നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തിനു ശേഷം കേരളത്തിലെ 27% വരുന്ന മുസ്ളീം ജനവിഭാഗങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു സിപിഎം തങ്ങളുടെ രാഷ്ട്രീയതന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ബിജെപിയുടെയും മോദിയുടെയും ആക്രമണോല്‍സുക ഹിന്ദുത്വത്തെ നേരിടാന്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിന് കഴിയില്ല, ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണ്, ബാബറി മസ്ജിദ് നിന്നിരുന്ന ഭൂമിയില്‍ പണിത രാമക്ഷേത്രത്തിന് കോണ്‍ഗ്രസ് ആശംസകള്‍ നേരുകയാണ് ചെയ്തത്, കോണ്‍ഗ്രസ് മതേതരത്വം കയ്യൊഴിഞ്ഞു, പൗരത്വഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ പ്രതികരണം വളരെ ദുര്‍ബ്ബലമായിരുന്നു, ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ അഖിലേന്ത്യ തലത്തില്‍ ഒന്നും പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല എന്ന് തുടങ്ങി മുസ്ളീം ജനവിഭാഗം എന്ത് കൊണ്ട് കോണ്‍ഗ്രസിന് വോട്ടുചെയ്യരുത് എന്ന് വ്യക്തമാക്കാന്‍ സഹായിക്കുന്ന ഒരുപിടി വിഷയങ്ങള്‍ പ്രചാരണ വിഷയമാക്കാന്‍ സിപിഎം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പലസ്തീന് ഐക്യദാര്‍ഡ്യ സദസിന്റെ വേദിയിലേക്ക് മുസ്ളീംലീഗിനെ ക്ഷണിച്ചുകൊണ്ട് യുഡിഎഫില്‍ തന്നെ വലിയൊരു പ്രതിസന്ധി സിപിഎമ്മുണ്ടാക്കി. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസും ഹിന്ദുത്വരാഷ്ട്രീയം പിന്തുടരുകയാണെന്ന സിപിഎം പ്രചാരണത്തെ തടുക്കാന്‍ കോണ്‍ഗ്രസിനു കഴിയാതെ പോയി. അവസാനം വയനാട്ടില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് വന്നപ്പോള്‍ മുസ്ളീംലീഗിന് അവരുടെ പാര്‍ട്ടി പതാക ഉയര്‍ത്താന്‍ കഴിയാതിരുന്ന സംഭവം മലബാറിലെ എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളിലും മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കള്‍ നിരന്തരമായി ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
അതോടൊപ്പം മുസ്ളീംലീഗുമായി വളരെയധികം അടുപ്പമുള്ള, മലബാര്‍മേഖലയില്‍ കനത്ത സ്വാധീനമുള്ള മതപണ്ഡിത സംഘടനയായ സമസ്ത കേരള ജം അയ്യത്തുല് ഉലമ അഥവാ സമസ്തയെ ഏതാണ്ട് പൂര്‍ണ്ണമായും സിപിഎം കൈക്കുള്ളിലാക്കി എന്ന ധാരണ പരന്നു, അല്ലെങ്കില്‍ അങ്ങിനെ പരത്തി. മുസ്ളീംലീഗിനെക്കാള് തങ്ങള്‍ക്ക് അടുപ്പവും വിശ്വാസവും സിപിഎമ്മിനെയും പിണറായി വിജയനെയുമാണ് എന്ന് പറയുന്ന തരത്തില്‍ സമസ്തയിലെ ഒരു വിഭാഗത്തെ കയ്യിലൊതുക്കുവന് സിപിഎമ്മിന് കഴിഞ്ഞിരുന്നു. ഇത് ശരിക്കും മുസ്ളീംലീഗിനെ അങ്കലാപ്പിലാക്കിയിരുന്നു. മലബാറിലെ മുസ്ളീം മതവിശ്വാസികള്‍ക്കിടയില്‍ ഇന്ത്യന്‍ യൂണിയന് മുസ്ളീ ലീഗിനുണ്ടായിരുന്ന അപ്രമാദിത്വം സിപിഎം പൊളിച്ചടുക്കിയെന്ന് വരെ പ്രചാരണുണ്ടായിരുന്നു.
എന്നാല്‍ ഇതെല്ലാം വെറും തട്ടിപ്പാണെന്ന് ജനം മനസ്സിലാക്കിയിരുന്നുവെന്ന് പാർട്ടി തിരിച്ചറിഞ്ഞത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാത്രമാണ്. മുസ്ളീംലീഗിന് നിര്‍ണ്ണായക സാന്നിധ്യവും സ്വാധീനവുമുള്ള വയനാട്, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ മുസ്ളീംവോട്ടുകള്‍ കൂട്ടത്തോടെ കോണ്ഗ്രസിലേക്കൊഴുകി. വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് മുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഭൂരിപക്ഷം നേടാനുള്ള പ്രധാനകാരണവും ഇതു തന്നെയാണ്. സിപിഎമ്മുമായി അടുപ്പം പുലര്‍ത്തുന്ന കാന്തപുരം അബൂബക്കര്‍ മുസിലിയാര്ക്ക് സ്വാധീനമുള്ള ജില്ലയാണ് കോഴിക്കോട്. കാന്തപുരം വിഭാഗത്തിന് കൂടുതൽ വോട്ടുള്ള കുന്ദമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംകെ രാഘവന് കിട്ടിയത് 25000 വോട്ടിന്റെ ലീഡാണ്. മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ കിട്ടയത് 20000 വോട്ടിന്റെ ലീഡും. മുസ്ലീം വോട്ടുകളില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും എതിരായി ധ്രൂവീകരണമുണ്ടാകുമെന്ന സിപിഎം പ്രതീക്ഷ പാടേ തെറ്റിയതോടെയാണ് മലബാര്‍ മേഖലയിലെ ലോക്സഭാ മണ്ഡലങ്ങളില്‍ സിപിഎം തകര്‍ന്നടിഞ്ഞത്.
അതോടൊപ്പം ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുളള ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സിപിഎം നിലം തൊടാതെ പോയതും മുസ്ളീംപ്രീണനം എന്ന ആരോപണമുയര്‍ന്നത് കൊണ്ടാണ്. ക്രൈസ്തവമതമേലധ്യക്ഷന് പരസ്യമായി ഈ പ്രീണനനയത്തിനെതിരെ പ്രതികരിക്കുന്ന അവസ്ഥപോലുമുണ്ടായി. സിപിഎമ്മില്‍ ഉറച്ച് നിന്നിരുന്ന ഹൈന്ദവവോട്ടുകള്‍ ഇതേ കാരണം കൊണ്ടുതന്നെ കുറെ ബിജെപിയിലേക്കും പോയി. ഇതോടെയാണ് സിപിഎമ്മിന് ലോകസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടായതെന്നാണ് വിലയിരുത്തല്‍.