തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഫലത്തിൻറെ പ്രാഥമിക വിലയിരുത്തൽ യോഗത്തിൽ ഉണ്ടാകും. ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന വസ്തുത പുറത്ത് പറയാൻ സാധ്യതയില്ല.
ദേശീയതലത്തിൽ ബിജെപിക്കെതിരായ വികാരം യുഡിഎഫിന് അനുകൂലമായി എന്നാണ് നേതാക്കന്മാരുടെ നിരീക്ഷണങ്ങൾ. വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിന്റെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ 16ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ ഉണ്ടാകും. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം മന്ത്രി വേണോ അതോ മറ്റാർക്കെങ്കിലും ചുമതല നൽകണമോ എന്നതും ചർച്ചയാകും.
രണ്ടാം പിണറായി സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് പുറത്തിറക്കും. വൈകിട്ട് 4 മണിക്ക് സെക്രട്ടറിയേറ്റ് വളപ്പിലെ ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് ചീഫ് സെക്രട്ടറി വി വേണു പ്രോഗ്രസ് റിപ്പോർട്ട് ഏറ്റുവാങ്ങും. സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കമുള്ള വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉള്ളത്. മന്ത്രിമാരും പൊതു ഭരണ സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.