തൃശൂരില്‍ സുരേഷ് ഗോപിയുടെ എഴുപതിനായിരത്തിന് മേലെയുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ച വോട്ടല്ല മറിച്ച് സുരേഷ്ഗോപിയുടെ വ്യക്തിത്വത്തിന് ലഭിച്ച വോട്ടാണെന്നൊക്കെ പറഞ്ഞ് സമാധാനിക്കുന്നവര്‍ യുഡിഎഫിലും എല്‍ഡിഎഫിലും ഉണ്ട്. മുസ്ളീം ന്യുനപക്ഷ വോട്ടുകളിലും ദളിത് വോട്ടുകളും വിഎസ് സുനില്‍കുമാറില്‍ കേന്ദ്രീകരിച്ചപ്പോള്‍ ക്രൈസ്തവ- ഹിന്ദുവോട്ടുകള്‍ പ്രത്യേകിച്ച് സവര്‍ണ്ണ ഹിന്ദു- ക്രൈസ്തവ വോട്ടുകള്‍ വലിയ തോതില്‍ സുരേഷ്ഗോപിക്ക് ലഭിച്ചു. ആ ക്രൈസ്തവ-ഹിന്ദുവോട്ടുകള്‍ ആകട്ടെ കാലാകാലങ്ങളായി കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരിക്കുന്നവയുമാണ്. ഇതാണ് കെ മുരളീധരന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള കാരണം.
ഇത് വസ്തുതകള്‍ അണിനിരത്തിയുള്ള വിശകലനം. ഇനി രാഷ്ട്രീയ- സാമൂഹ്യ വിശകലനത്തിലേക്ക് കടക്കുകയാണെങ്കില്‍ മറ്റൊരു ചിത്രം തെളിഞ്ഞുവരും. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ക്രൈസ്തവ വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞു. അതും ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് വന്‍വിജയം സമ്മാനിക്കാന്‍ കഴിയുന്ന തരത്തില്‍. ഒരു തവണ ബിജെപിക്ക് വോട്ടു ചെയ്യാന്‍ കഴിഞ്ഞവര്‍ക്ക് ഇനിയും വോട്ടുചെയ്യാന്‍ മടിയുണ്ടാകില്ലന്നതാണ് രാഷ്ട്രീയ മനശാസ്ത്രം. ആദ്യകാലത്ത് ഈഴവ സമുദായത്തിലെ വോട്ടുകള്‍ ബിജെപിക്ക് കിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീട് ആ പാര്‍ട്ടി പതിയെ പതിയെ ആ വോട്ടുകളിലേക്ക് കടന്നുകയറുകയും ഇപ്പോള്‍ നിര്‍ണ്ണായകമായ തോതില്‍ ആ സമുദായത്തില്‍ നിന്നും വോട്ടുകള്‍ ബിജെപിക്ക് കിട്ടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. ക്രൈസ്തവ വോട്ടുകളിലും ആ അവസ്ഥയുണ്ടായാല്‍ കേരളത്തിന്റെ രാഷ്ട്രീയ സമവാക്യം മാറും. ഇതാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം നല്കുന്ന സന്ദേശം.
കോണ്‍ഗ്രസുകാര്‍ മല്‍സരിച്ചാണ് സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ തൃശൂരില്‍ വോട്ടു ചെയ്തത്. പലയിടത്തും ബൂത്തിലിരിക്കാന്‍ പോലും ആളുണ്ടായിരുന്നില്ല. കോണ്‍ഗ്രസിലേക്ക് പുതിയ തലമുറയില്‍ പെട്ട ആരും കടന്നുവരുന്നില്ലന്ന യാഥാര്‍ത്ഥ്യവുമുണ്ട്. അതോടൊപ്പം തൃശുരിലെ കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനം അമ്പേ പരാജയമായിമാറുകയും ചെയ്തു. ടി എന്‍ പ്രതാപന്, മുന്‍ എംഎല്‍എ എംപി വിന്‍സന്റ് , ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ എന്നിവരോടാണ് സുരേഷ് ഗോപി ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി പറയുന്നു. കാരണം കെ മുരളീധരന് ജയിച്ചാല്‍ പിന്നെ തൃശൂരിലെ കോണ്‍ഗ്രസ് മുരളിയുട കയ്യിലിരിക്കും. അത് ഒഴിവാക്കാനും ഈ നേതാക്കളുടെ അപ്രമാദിത്വം നിലനിര്‍ത്താനും വേണ്ടി നടത്തിയ പാലം വലിയാണ് സുരേഷ് ഗോപിയുടെ വന്‍ വിജയത്തില്‍ കലാശിച്ചതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.
തൃശൂരിലെ അടിയൊഴുക്കുകളെ പൂര്‍ണ്ണമായി മനസിലാക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. കെ മുരളീധരന്റെ കാര്യം അദ്ദേഹം നോക്കിക്കൊള്ളുമെന്ന വിശ്വാസത്തിലായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. വടകരയില്‍ നിന്നും മുരളിയെ തൃശൂരില്‍ കൊണ്ടുവരുന്നത് വലിയ റിസ്കായിരുന്നു. എന്നാല്‍ മുരളി സ്ഥാനാര്‍ത്ഥിയായതിന് ശേഷം അതിനു തക്കതായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളാരും തന്നെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഈ മല്‍സരത്തെ എടുത്തില്ല. സുരേഷ് ഗോപി ജയിച്ചുകഴിഞ്ഞുവെന്ന മനോഭാവത്തോടെയാണ് പല നേതാക്കളും പ്രവര്‍ത്തിച്ചത് എന്ന് തെരഞ്ഞെടുപ്പിന്റെ ചുമലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.
കെ മുരളീധരനെ റിസ്ക് എടുത്ത് തൃശൂരിലേക്കയക്കുമ്പോള് വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം മനസിലാക്കിയില്ല. മുരളി വെറുതെ നിന്നാല്‍ ജയിച്ചുപോകുമെന്ന വിശ്വാസമായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്. ജയിച്ചില്ലന്ന് മാത്രമല്ല വിഎസ് സുനില്‍കുമാറിന് പിന്നില്‍ മൂന്നാമതാവുകയും ചെയ്തു. എന്നുവച്ചാല്‍ വിഎസ് സുനില്‍കുമാറിന് ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ ബിജെപിക്ക് പോവുകയും ചെയ്തു. ഇതാണ് അവിടെ സുരേഷ് ഗോപിയുടെ വിജയത്തിന് ആക്കം കൂട്ടിയത്.
കേരളത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസും യുഡിഎഫും സുശക്തമായ നിലയിലാണ്. എന്നാല്‍ ബിജെപിയിലേക്ക് വോട്ടുകള്‍ ഒഴുകി നീങ്ങുന്നതിനെ കണ്ടില്ലന്ന് നടിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും. തെക്കന്‍ കേരളത്തില്‍ ഇടതുമുന്നണിയുടെ വോട്ടുകളും ഇത്തരത്തില്‍ ബിജെപിയിലേക്ക് ഒഴുകുന്നുണ്ട്. രണ്ടുമുന്നണികള്‍ക്കും ഒരു സൂചനയും താക്കീതുമാണ് തൃശൂരിലെ ബിജെപിയുടെ വിജയം. സൂചന കണ്ടുപഠിച്ചില്ലങ്കില് എന്നത് കേവലം ഒരു മുദ്രാവാക്യം മാത്രമല്ലന്നോര്ക്കണം.