യുഡിഎഫിന്റെ പത്ത് സ്ഥാനാര്‍ത്ഥികളാണ് ഒരു ലക്ഷംവോട്ടിന് മേല്‍ ഭൂരിപക്ഷം നേടിയത്. രാഹുല്‍ഗാന്ധിയും ഇ ടി മുഹമ്മദ് ബഷീറും മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മഹാവിജയം നേടിയപ്പോള്‍, അബ്ദുള്‍ സമദ് സമദാനിയും. ഹൈബി ഈഡനും രണ്ടര ലക്ഷം വോട്ടിന്റെ മേല്‍ക്കൈയ്യാണ് ലഭിച്ചത്. കെ സുധാകരന്, ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ്, എംകെ രാഘവന്, രാജ്മോഹന്‍ ഉണ്ണിത്താന്, എന്‍കെ പ്രേമചന്ദ്രന് എന്നിവര്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 19 സീറ്റുകളിലെ വിജയത്തിന് പിന്നില്‍ നിരത്താന്‍ കാരണങ്ങള്‍ ഒരുപാടുണ്ടായിരുന്നു. ശബരിമല സുപ്രീം കോടതി വിധി മുതല്‍, രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവുവരെ. എന്നാല്‍ 2024ലെ യുഡിഎഫിന്റെ വിജയത്തിളക്കത്തിന് പിന്നില്‍ ഒരേ ഒരു കാരണമേയുളളു. പിണറായി വിജയന് സര്‍ക്കാരിനെതിരെയുള്ള അതിശക്തമായ ഭരണവിരുദ്ധവികാരം.
കേന്ദ്രത്തില്‍ ബിജെപി ഭരണം പോകുമെന്ന പ്രതീക്ഷ ഈ തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും അത്ര കാര്യമായുണ്ടായിരുന്നില്ല. മൂന്നാം തവണയും മോദിയെന്ന വായ്ത്താരി കേരളത്തിലും പലരും വിശ്വസിച്ചിരുന്നു. അപ്പോള്‍ കേന്ദ്രത്തിലെ ഭരണമാറ്റം ഒരു മുഖ്യ അജണ്ടയായി എടുത്തുകൊണ്ടല്ല കേരളത്തിലെ ജനങ്ങള്‍ വോട്ടു ചെയ്തത്.മറിച്ച് സിപിഎമ്മിനെ നല്ലൊരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തി മാത്രമാണ്. അതുകൊണ്ടാണ് വലിയ തോതിലുള്ള ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേടാന്‍ കഴിഞ്ഞത്. ബിജെപിക്ക് വലിയ സ്വാധീനമുള്ള തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും മാവേലിക്കരയിലുമാണ് കോണ്‍ഗ്രസിന് ഭൂരിപക്ഷം കുറഞ്ഞത്. തൃശൂരില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും കൃത്യമായ ക്രോസ് വോട്ടിംഗ് നടക്കുകയും ചെയ്തു. ഇത്തരം പ്രതിഭാസങ്ങളെ മാറ്റി നിര്‍ത്തിയാല്‍ യുഡിഎഫ് നേടിയത് ചരിത്രവിജയമാണ്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലേക്കൊഴുകിയ ന്യുനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് തിരിച്ചൊഴുകാന്‍ തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. കോട്ടയം, എറണാകുളം , ചാലക്കുടി, പാലക്കാട്, ഇടുക്കി, വടകര, കണ്ണൂര്‍,കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട ഇടുക്കി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വന്‍ ഭൂരിപക്ഷം വ്യക്തമാക്കുന്നത് ഈ ട്രെന്‍ഡാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മുസ്ളീം വോട്ടുകള്‍ ആകര്‍ഷിക്കാന്‍ പലസ്തീന് ഐക്യദാര്‍ഡ്യറാലി അടക്കമുള്ള സകല ടെക്നിക്കുകളും സിപിഎം കൈക്കൊള്ളുകയും ചെയ്തു. കോഴിക്കോട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ മുസ്ളീം വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി വീഴുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ടായിരുന്നു. എന്നാല്‍ അത് വൃഥാവിലായി.
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള അഴിമതിയാരോപണം, സിപിഎം നേതൃത്വത്തിനെതിരെയുള്ള അഴിമതിയാരോപണങ്ങള്‍, വ്യാപകമായ പിന്‍വാതില്‍ നിയമനങ്ങള്‍, തകരുന്ന ക്രമസമാധാന നില , കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള പാര്‍ട്ടി സ്വാധീനം വരുത്തി വയ്കുന്ന പ്രശ്നങ്ങള്‍, ക്ഷേമപെന്‍ഷനുകള്‍ പോലും കൊടുക്കാനാകാത്ത വിധം സാമ്പത്തിക നില തകര്‍ന്നത് ഇവയെല്ലാം വലിയ അസംതൃപ്തി ജനങ്ങള്‍ക്കിടയിലുണ്ടാക്കി. ഇതെല്ലാം വോട്ടെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. കോവിഡിനെ തുടര്‍ന്നുള്ള സവിശേഷമായ സാഹചര്യത്തിലാണ് 2021 ല്‍ സിപിഎമ്മിന് തുടര്‍ഭരണം ലഭിച്ചത്. എന്നാല്‍ തുടര്‍ഭരണം പിന്നീട് സിപിഎമ്മിന് തന്നെ വലിയ പ്രതിസന്ധിയുണ്ടാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എല്ലാ മേഖലകളിലും സര്‍ക്കാര്‍ പരാജയപ്പെടുകയാണ് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങി. അതോടൊപ്പം പാര്‍ട്ടിയും സര്‍ക്കാരും ജനങ്ങളില്‍ നിന്നും അകലുന്ന സ്ഥിതിവിശേഷവുമുണ്ടായി.
സര്‍ക്കാരിന്റെ വീഴ്ചകള്‍ മുതലെടുക്കുന്നതില്‍ യുഡിഎഫ് നേതൃത്വം പരാജയമാണെന്ന വിമര്‍ശനം പലകോണുകളില്‍ നിന്നുയരുമ്പോഴും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കുന്നതിന് പിന്നില്‍ ഭരണവിരുദ്ധവികാരമല്ലാതെ മറ്റൊന്നുമല്ലന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ വിലയിരുത്തല്‍. പ്രതിപക്ഷമായ യുഡിഎഫിന്റെ കഴിവല്ല മറിച്ച്് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെയുള്ള ശക്തമായ വികാരം തന്നെയാണ് വലിയ വിജയത്തിലേക്ക് പ്രതിപക്ഷ മുന്നണിയെക്കൊണ്ടു ചെന്നെത്തിച്ചത്. ഏഴു സീറ്റാണ് പരമാവധി സിപിഎം പ്രതീക്ഷിച്ചിരുന്നത്. അതില്‍ കണ്ണൂര്‍, ആറ്റിങ്ങല്‍,പാലക്കാട്, പത്തനംതിട്ട സീറ്റുകള്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ സീറ്റുകളിലൊക്കെ വലിയ പരാജയമാണ് സിപിഎം ഏറ്റുവാങ്ങിയത്. ആലത്തൂരിലെ വിജയം പോലും കേവലം ഇരുപതിനായിരത്തില്‍പ്പരം വോട്ടിനാണ്. അതും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തില്‍.
ഇടതു സര്‍ക്കാരിനെതിരായ ജനരോഷമാണ് പരാജയത്തിന് കാരണമെന്ന് വി ജോയിയെ പോലെ തോറ്റ സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. സിപിഎം നേതൃത്വത്തിലെ ചിലര്‍ ഈ ജനരോഷം തെരഞ്ഞെടുപ്പിന് മുമ്പെ തന്നെ തിരിച്ചറിഞ്ഞിരുന്നു. എ്ന്നാല്‍ തിരുവായ്ക് എതിര്‍വായില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെ സിപിഎമ്മില്‍ എന്നതുകൊണ്ട് അവര്‍ അത് തുറന്നു പറഞ്ഞില്ലന്നേയുളളു.