കോഴിക്കോട്: ചലച്ചിത്ര, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.കേരളത്തിലെ ആദ്യമനസശാസ്ത്ര മാഗസിന് സൈക്കോയുടെ പത്രാധിപര്‍ ആയിരുന്നു. 2011ഓടെയാണ് സൈക്കോയുടെ പ്രസിദ്ധീകരണം പൂര്‍ണമായും നിലച്ചത്. ഓഗസ്റ്റില്‍ സൈക്കോ വീണ്ടും പ്രസിദ്ധീകരണം തുടങ്ങാനിരിക്കെയാണ് അന്ത്യം.
1971 മുതല്‍ കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ കോഴിക്കോട്ടെ’അശ്വിനി ഫിലിം സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയാണ്. കോഴിക്കോടിന്റെ ചലച്ചിത്രാസ്വാദന സംസ്കാരത്തില്‍ കലാമൂല്യമുള്ള നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും മികവുറ്റ പ്രേക്ഷകസമൂഹത്തെ വാര്‍ത്തെടുക്കാനും ‘അശ്വനി’യിലൂടെ അദ്ദേഹം പരിശ്രമിക്കുകയുണ്ടായി. 70കളിലും 80കളിലുമായി രൂപംകൊണ്ട നിരവധി ഫിലിം സൊസൈറ്റികളുടെ പിന്നിലെ ശക്തി സ്രോതസ്സുകളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘ഉമ്മ’ എന്ന സിനിമയ്ക്ക് നിരൂപണമെഴുതി. അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.’സെര്‍ച്ച് ലൈറ്റ്’ എന്ന രാഷ്ട്രീയവാരിക, ‘രൂപകല’ എന്ന സ്ത്രീപക്ഷ മാസിക, ‘സ്റ്റേഡിയം’ എന്ന സ്പോര്‍ട്സ് പ്രസിദ്ധീകരണം, ‘സിറ്റി മാഗസിന്’, ‘വര്‍ത്തമാനം’, ഇവയെല്ലാം ചെലവൂര്‍ വേണുവിന്റെ മേല്‍നോട്ടത്തിലിറങ്ങിയ പ്രസിദ്ധീകരണങ്ങളാണ്.