കുട്ടികൾ സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ച ‘വിദ്യാ വാഹൻ’ ആപ്പിനോട് മുഖം തിരിച്ച് സ്കൂൾ ബസുകൾ. പ്രവേശനോത്സവത്തിനു മുന്നോടിയായി ഫിറ്റ്നസ് പരിശോധനക്ക് എത്തിയ ഭൂരിപക്ഷം ബസുകളിലും ഈ ആപ് ഏർപ്പെടുത്തിയിട്ടില്ല.രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത് വിദ്യാലയ അധികൃതരാണ്. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാനും കഴിയും. എന്നാൽ പല സ്കൂൾ അധികൃതരും ഇതിന് മടി കാണിക്കുകയാണ്.
രാവിലെ കുട്ടികളെ സ്കൂളിലേക്ക് അയച്ചു കഴിഞ്ഞാൽ വൈകിട്ട് അവർ തിരികെ എത്തും വരെയുള്ള മാതാപിതാക്കളുടെ ആശങ്കയ്ക്ക് വിരാമം കുറിക്കാനായാണ് മോട്ടോർ വാഹന വകുപ്പ് ‘വിദ്യാ വാഹൻ’ ആപ്പ് അവതിപ്പിച്ചത്. ജി.പി.എസ് സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്പ്. വിദ്യാവാഹൻ നിർബന്ധമാക്കിയെന്നും ഏർപ്പെടുത്തിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്കൂളുകളിൽ വിദ്യാർത്ഥികളെ എത്തിക്കുന്ന കരാർ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടന്നിട്ടില്ല. ഈ വാഹനങ്ങളിലും വിദ്യാവാഹൻ സേവനം ഏർപ്പെടുത്തണമെന്ന് എം.വി.ഡി സ്കൂൾ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ അതിർത്തികളിലെ സ്കൂളുകളിൽ അതത് സ്റ്റേഷനിലെ പൊലീസ് പരിശോധന നടത്തി ‘സ്കൂൾ ഡ്യൂട്ടി’ എന്ന പൊലീസിന്റെ സ്റ്റിക്കർ വാഹനങ്ങളിൽ പതിക്കും.
ആപ് എങ്ങനെ പ്രവർത്തിക്കും ?
https://play.google.com/store/apps/details?id=com.kmvd.surakshamitr ൽ ആപ് ഡൗൺലോഡ് ചെയ്യാം. രജിസ്ട്രേഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻചെയ്യാം. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തുതരേണ്ടത് വിദ്യാലയ അധികൃതരാണ്. കുട്ടികൾ വ്യത്യസ്ത സ്കൂളുകളിൽ പഠിക്കുകയാണെങ്കിൽ രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി നമ്പർ രജിസ്റ്റർ ചെയ്യാം.ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിന്റെ മൊബൈൽ നമ്പർ, രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് എന്നിവ കാണാം. ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിനു നേരെയുള്ള ബട്ടൺ അമർത്തിയാൽ വാഹനം മാപ്പിലൂടെ ട്രാക്ക് ചെയ്യാം.വാഹനം ഓടുകയാണോ എന്നും ലൊക്കേഷൻ, എത്തുന്ന സമയം എന്നിവ രക്ഷിതാവിന് കാണാം. ആപ്പിലൂടെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ ചെയ്യാം. വാഹനം ഓടിക്കൊണ്ടിരിക്കുകയാണെങ്കിൽ ഡ്രൈവറെ വിളിക്കാനാകില്ല. വിദ്യാ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് ടോൾഫ്രീ നമ്പരായ 1800 599 7099 ൽ വിളിക്കാം.ആപ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്യുന്നതിന് സ്കൂൾ അധികാരികളെ രക്ഷിതാക്കൾ സമീപിക്കണം. ആപ് സേവനം സൗജന്യമാണ്.