ലണ്ടൻ: യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ രാജാക്കന്മാർ എന്ന വിശേഷം അരക്കിട്ടുറപ്പിച്ചു കൊണ്ട് പതിവുതെറ്റിക്കാതെ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം പിടിച്ചു. ആദ്യം പതുങ്ങിനിന്നശേഷം, രണ്ടാം പകുതിയിലും വിശിഷ്യാ, അവസാന മിനിറ്റുകളിലും കണ്ണഞ്ചിപ്പിക്കുന്ന കളി കാഴ്ച വെച്ചാണ് കാർലോ ആൻസെലോട്ടിയുടെ സംഘം ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത് . ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ചാമ്പ്യൻസ് ലീഗ് കിരീടം സ്പാനിഷ് വമ്പൻമാർ സ്വന്തമാക്കുന്നത്.
റയലിനായി ഡാനി കർവഹാലും(74) വിനീഷ്യസ് ജൂനിയറും (83 ) ലക്ഷ്യം കണ്ടു. റയൽ കുപ്പായത്തിൽ അവസാന മത്സരത്തിനിറങ്ങിയ ടോണി ക്രൂസും തകർപ്പൻ കളി പുറത്തെടുത്തു. ആദ്യപകുതിയിൽ നിരവധി അവസരങ്ങളാണ് ഡോർട്ട്മുണ്ടിന് കിട്ടിയത്. പക്ഷേ, ഒന്നും മുതലാക്കാനായില്ല. റയൽ ഗോൾ കീപ്പർ തിബൗ കുർടോയുടെ പ്രകടനവും നിർണായകമായി. അവസാന ഘട്ടത്തിൽ കളി റയലിന്റെ കാലിലായി. വിനീഷ്യസായിരുന്നു അപകടകാരി. ക്രൂസിന്റെ കോർണർ കിക്കിൽ തലവച്ച് കർഹാൽ റയലിന് ലീഡ് നൽകി. പിന്നാലെ തകർപ്പൻ ഗോളിലൂടെ വിനീഷ്യസ് ജയം പൂർത്തിയാക്കി.
റയൽ പരിശീലകനായ ആൻസലോട്ടിയുടെ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമാണിത്. റയൽ കുപ്പായത്തിൽ ക്രൂസും മോഡ്രിച്ചും കർവഹാലും നേടുന്ന ആറാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടവും.