കൊച്ചി : പീരുമേട് മണ്ഡലത്തിൽ നിന്നുള്ള ഇടതുപക്ഷ സ്ഥാനാർഥി വാഴൂർ സോമന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. വാഴൂർ സോമന്റെ വിജയത്തിനെതിരെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസാണ് ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവച്ചു എന്നാരോപിച്ചായിരുന്നു ഹർജി.
ഹർജിയിലെ വാദങ്ങൾ നിരാകരിച്ചു കൊണ്ടാണ് ജസ്റ്റിസ് മേരി ജോസഫ് വാഴൂർ സോമന്റെ തിരഞ്ഞെടുപ്പ് ശരിവച്ചത്. ഇന്ന് ജുഡീഷ്യൽ സർവീസിൽ നിന്നു വിരമിക്കുകയാണ് ജസ്റ്റിസ് മേരി ജോസഫ്. വിധി നിരാശാജനകമെന്ന് സിറിയക് തോമസ് പ്രതികരിച്ചു. വിധിപ്പകർപ്പ് ലഭിച്ച ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പീരുമേട് മണ്ഡലത്തിൽ നിന്നു വാഴൂർ സോമനെ വിജയിയായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നിയമവിരുദ്ധമാണ് എന്നായിരുന്നു സിറിയക് തോമസിന്റെ വാദം. സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വെയർ ഹൗസിങ് കോർപറേഷന് ചെയർമാനായിരിക്കെയാണ് വാഴൂർ സോമൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് എന്നും നാമനിർദേശ പത്രികയിൽ ഇക്കാര്യം മറച്ചുവച്ചു എന്നുമായിരുന്നു സിറിയക് തോമസിന്റെ ആരോപണം.
വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ സ്ഥാനം വഹിച്ചുകൊണ്ട് നാമനിർദേശ പത്രിക നൽകിയത് ഇരട്ടപദവിയുടെ പരിധിയിൽ വരും. ബാധ്യതകളും വരുമാനവും സംബന്ധിച്ച് സാക്ഷ്യപത്രം നൽകിയില്ല, ഇക്കാര്യങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും വാഴൂർ സോമനെതിരെ എതിരാളി ഉന്നയിച്ചിരുന്നു.
സോമന്റെ നാമനിർദേശ പത്രികയിലെ പല കോളങ്ങളും പൂരിപ്പിച്ചിരുന്നില്ല എന്നും അപൂർണമായ നാമനിർദേശ പത്രിക സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും സിറിയക് തോമസ് ആരോപിച്ചു. സിപിഐ നേതാവായ വാഴൂര്‍ സോമന് 1698 വോട്ടുകള്‍ക്കാണ് സിറിയക് തോമസിനെ പരാജയപ്പെടുത്തിയത്. പീരുമേട്ടിൽ നിന്ന് ഹാട്രിക് വിജയം നേടിയ ഇ.എസ്.ബിജിമോളുടെ പിൻഗാമിയായാണ് വാഴൂർ സോമന്റെ മത്സരിച്ചത്.