കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ പേരിൽ അബുദാബി കൊമേഷ്യൽ ബാങ്കിലുളള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് നൽകിയ ഹർജികൾ ഹൈക്കോടതി അവസാനിപ്പിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേണം നടക്കുന്നതിനാൽ ഹർജിയിലെ ആവശ്യത്തിന് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ കോടതി അവസാനിപ്പിച്ചത്.
അന്വേഷണം കഴിഞ്ഞിട്ടും പരാതി ഉണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, എസ്എഫ്ഐഒ അന്വേഷണത്തെ ചോദ്യം ചെയ്ത് കെഎസ്ഐഡിസി നൽകിയ ഹർജി ജൂലായ് 15ലേക്ക് മാറ്റിയിട്ടുണ്ട്. ഒരു പ്രധാന ഹർജിയും മറ്റൊരു ഉപഹർജിയുമാണ് ഷോൺജോർജ് നൽകിയിരുന്നത്. കോടതി ഉത്തരവുപ്രകാരമുള്ള എസ്എഫ്ഐഒ അന്വേഷണത്തിന്റെ ഭാഗമായി പണമിടപാടും പരിശോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വീണാ വിജയനും ബന്ധു എം സുനീഷുമാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് തനിക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിൽ ഷോൺ ജോർജ് വ്യക്തമാക്കിയിരുന്നു. മാസപ്പടി കേസിൽ നൽകിയ ഹർജിയുടെ ഭാഗമായായിരുന്നു ഉപഹർജി. വിവാദ കമ്പനികളായ എസ് എൻ ലാവ്ലിൻ, പിഡബ്യൂസി എന്നിവയിൽ നിന്നും കോടിക്കണക്കിന് രൂപ അബുദാബിയിലെ അക്കൗണ്ടിൽ എത്തിയെന്നാണ് ഷോൺ ജോർജ് ആരോപിച്ചത്.
ആദായനികുതിയും റവന്യു ഏജൻസികളും അന്വേഷിച്ചിരുന്ന എക്സാലോജിക് കമ്പനിക്കെതിരായ പരാതിയാണ് വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഏറ്റെടുത്തത്. വീണയുടെ കമ്പനി സംസ്ഥാനത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയെ പണത്തിന്റെ ഇടപാടിനെചൊല്ലിയാണ് ആദായനികുതി വകുപ്പ് സംശയം ഉന്നയിക്കുകയും പിന്നീട് രജിസ്ട്രാർ ഒഫ് കമ്പനീസ് (ആർ ഒ സി) അന്വേഷണത്തിന് കൈമാറുകയും ചെയ്തത്. വീണ വിജയന് മാസപ്പടി വാങ്ങിയത് അടക്കമുള്ള പരാതികളാണ് എസ്എഫ്ഐഒ അന്വേഷിക്കുന്നത്.എക്സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് എസ്എഫ്ഐഒ പ്രധാനമായും അന്വേഷിക്കുന്നത്.കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല.