ഭോപ്പാൽ : മധ്യപ്രദേശിൽ കുടുംബത്തിലെ 8 പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ചിന്ദ്വാരയിലെ ബോഡൽ കച്ചാർ ഗ്രാമത്തിലാണ് കൂട്ടക്കൊല നടന്നത്. ദിനേശ് എന്ന 27കാരനാണ് ഭാര്യയേയും അമ്മയേയുമടക്കം കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ 3 കുട്ടികളുമുണ്ട്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ദിനേശിന്റെ ഭാര്യ വർഷ ബായ്, അമ്മ സിയ, ദിനേശിന്റെ മൂത്ത സഹോദരൻ ശ്രാവൺ കുമാർ, ശ്രാവണിന്റെ ഭാര്യ ബരാതോ, ദിനേശിന്റെ ഇളയ സഹോദരി പാർവതി, ശ്രാവണിന്റെ 3 മക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്.
എട്ടുപേരെയും ഉറങ്ങിക്കിടന്നപ്പോൾ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങളെയും കൊല്ലാനായിരുന്നു ദിനേശിന്റെ ശ്രമമെന്ന് രക്ഷപെട്ട ബന്ധുക്കൾ പറഞ്ഞു. വീട്ടിലെ മറ്റ് അംഗങ്ങൾ ഉണർന്നതോടെ ഇയാൾ രക്ഷപെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനു സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ദിനേശ് ഒരു വർഷം മുമ്പ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. തുടർന്ന് ഇയാൾ പഴയ നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. 8 ദിവസം മുമ്പാണ് ഇയാൾ വിവാഹിതനായത്.