ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു സുപ്രീം കോടതിയില്‍ തിരിച്ചടി. ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇടക്കാല ജാമ്യം ഏഴു ദിവസം നീട്ടണമെന്ന് ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രി വിസമ്മതിച്ചു. ഇതോടെ കെജരിവാള്‍ ജൂണ്‍ രണ്ടിനു ജയിലിലേക്കു മടങ്ങേണ്ടി വരും.
ഇന്നലെയാണ് ജാമ്യം ഏഴു ദിവസം നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജരിവാള്‍ ഹര്‍ജി നല്‍കിയത്. ഇത് അടിയന്തരമായി പരിഗണിക്കാന്‍ അവധിക്കാല ബെഞ്ചിനു മുമ്പാകെ മെന്‍ഷന്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുമെന്നാണ് അവധിക്കാല ബെഞ്ച് അറിയിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കാനാണ് മെയ് പത്തിന് സുപ്രീം കോടതി കെജരിവാളിനു ജാമ്യം നല്‍കിയത്. ജൂണ്‍ ഒന്നു വരെയാണ് ഇടക്കാല ജാമ്യം.