ന്യൂഡൽഹി: ഡൽഹിയിലെ കൊടുംചൂടിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് വടകര സ്വദേശി ബിനേഷാണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയായിരുന്നു സംഭവം. സൂര്യാഘാതമേറ്റതാണെന്നാണ് കരുതുന്നത്.
കടുത്ത ചൂടിൽ നടന്ന പരിശീലനത്തിനിടെ ബിനേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട 4 പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കനത്ത ചൂടു കാരണം ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 49.9 ഡിഗ്രി സെൽഷ്യസ് ആണ് ഉയർന്ന താപനില.