കഴിഞ്ഞ കുറച്ച് ദിവസമായി സിപിഎം ഏറ്റവും ഭയക്കുന്നത് ഡ്രൈഡേ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പണം പിരിക്കല്‍ വിവാദത്തെയാണ്. കേരളത്തിലെ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്ത് രാഷ്ട്രീയ പ്രക്ഷോഭമാക്കുമോ എന്ന കാര്യത്തിലല്ല സിപിഎമ്മിനു ഭയം. യുഡിഎഫിനെ രാഷ്ട്രീയമായി നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ട്. എന്നാല്‍ ജൂണ്‍ നാലിന് ശേഷം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുകയാണെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നീരാളിക്കൈകള്‍ ബാര്‍ മുതലാളിമാരിലേക്ക് നീളുമെന്ന് സിപിഎം പേടിക്കുന്നു. അങ്ങനെ ഉണ്ടായാൽ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും മന്ത്രിമാരും ഒക്കെ എന്‍ഫോഴ്സ്മെന്റിന്റെ റഡാറില്‍ വരും.
തങ്ങള്‍ പെടുമെന്ന് കണ്ടാല്‍ ബാറുടമകള്‍ കാര്യങ്ങള്‍ മണിമണിയായി ഇഡിയോട് പറയുമെന്നും സിപിഎം നേതൃത്വത്തിനറിയാം. കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ ബാര്‍ മുതലാളിമാരും ഭരണകക്ഷിയുമായി നടന്ന ക്രയവിക്രയങ്ങളുടെ കണക്കുകള്‍ കൃത്യമായി അന്വേഷണ ഏജന്‍സികളെ ബോധിപ്പിക്കേണ്ടിയും വരും. ഇതാണ് സിപിഎമ്മിനെ കുഴക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, സിഎംആര്‍എല്‍ മാസപ്പടിക്കേസുകളിൽ സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ഇനി ബാര്ക്കേസില്ക്കൂടി പാർട്ടിയെ പൂട്ടിയാൽ പിന്നെ നിലത്തുനില്ക്കാന് സമയം ഉണ്ടാകില്ല.ഇതില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ റോള്‍ വ്യക്തമായതോടെയാണ് സിപിഎമ്മില്‍ അങ്കലാപ്പുണ്ടായത്.
മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എക്സൈസ് മന്ത്രി എംബി രാജേഷ് മാത്രമായിരുന്നു ഉള്‍പ്പെട്ടതെങ്കില്‍ സിപിഎമ്മിന് അതത്ര പ്രശ്നമാവില്ലായിരുന്നു. പിഎം മുഹമ്മദ് റിയാസിന് പരിക്കേറ്റാൽ മുറിവുണ്ടാകുന്നത് അമ്മായിഅച്ഛൻ പിണറായിക്കായിരിക്കും. അതുകൊണ്ടാണ് റിയാസിനെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി സിപിഎം രംഗത്തിറങ്ങുന്നതും. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ മാസപ്പടിക്കേസില്‍ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. അതിനൊപ്പം വീണയുടെ ഭര്ത്താവിനെതിരെകൂടി അന്വേഷണം വന്നാല്‍ മുഖ്യമന്ത്രിയുടെ കുടുംബം മുഴുവൻ ഇഡിയുടെ അന്വേഷണ പരിധിയിലാകുമെന്ന ദയനീയ അവസ്ഥ വരും. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം ഇതുവരെയും കേന്ദ്രഏജന്‍സികള്‍ പൂര്‍ണ്ണമായും കൈവിട്ടിട്ടുമില്ല. ബാർക്കോഴ അന്വേഷണം കൂടി ഇഡിയാണ് നടത്തുന്നതെങ്കിൽ കുടുംബം മുഴുവന്‍ കുരുക്കിലാകുമെന്ന ഭയം പിണറായി വിജയനുണ്ട്.
കേസെടുക്കാതെ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്കിയതും അതുകൊണ്ടാണ്. കേസെടുത്താല്‍ എഫ്ഐആര്‍ ഇടേണ്ടി വരും. എഫ്ഐആര്‍ ഇട്ടാല്‍ അതില്‍ ഇഡിക്ക് അന്വേഷണം നടത്താം. ജൂണ്‍ നാല് കഴിഞ്ഞാല്‍ ദേശീയതലത്തിൽ പ്രതിപക്ഷനിരയിലെ എല്ലാ നേതാക്കള്‍ക്കുമെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് പൊതുവെയുള്ള പേടി. അതുകൊണ്ട് എങ്ങനെയെങ്കിലും ഇപ്പോഴത്തെ ബാര്‍ വിവാദമൊന്ന് അവസാനിച്ചുകിട്ടിയാല്‍ മതിയെന്നാണ് ഇപ്പോള്‍ സിപിഎം ചിന്തിക്കുന്നത്. വിവാദം ഉണ്ടായ ദിവസത്തെ ആത്മവിശ്വാസമൊക്കെ സിപിഎമ്മിലെ ഒരു നേതാവിനും കാണുന്നില്ല.
എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് എന്തിനാണ് മദ്യനയം തിരുത്തുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഇതിന് ഉത്തരം പറയാന്‍ സര്‍ക്കാരിന് കഴിയുന്നുമില്ല. ഇതാണ് ശരിക്കും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്.കേന്ദ്രഏജന്‍സികൾ ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നത് കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. കാരണം കേരളത്തിലെ മദ്യവ്യവസായം എല്ലാ രാഷ്ട്രീയക്കാരുടെയും ചക്കരക്കുടമാണ്. അതിന്മേൽ കേന്ദ്ര അന്വേഷണം വന്നാല്‍ ഭരണപ്രതിപക്ഷ ഭേദമന്യേ പലര്‍ക്കും അലോസരമുണ്ടാകും. അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷവും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടാത്തതും. നിയമസഭയിലെ വാക്പോരിനപ്പുറത്തേക്ക് ഈ വിവാദം പ്രതിപക്ഷം എത്രത്തോളം മുന്നോട്ടുകൊണ്ടുപോകുമെന്ന കാര്യത്തിലും സംശയങ്ങളുണ്ട്.
പ്രതിപക്ഷത്തെയല്ല മറിച്ച് കേന്ദ്രഏജന്സികളെത്തന്നെയാണ് പിണറായിയും സംഘവും ഭയക്കുന്നത്. മോദിയുടെയും ബിജെപി സര്‍ക്കാരിന്റെയും സഹായം ചോദിച്ചുമേടിച്ച് ഇനി അധികം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും പിണറായിക്കറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന് കൃത്യം ഇരുപത് മാസമേയുള്ളു. പിണറായിക്ക് ആകെയുള്ള ഒരാശ്വാസം എത്ര മികച്ച ആയുധം കിട്ടിയാലും അടിക്കാൻ അറിയാത്ത പ്രതിപക്ഷമാണ്.