നെയ്യാറില്‍ ചേര്‍ന്ന കെഎസ്യു സംസ്ഥാനക്യാമ്പിലെ കൂട്ടയടിയും അതിനെത്തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ബന്ധമുള്ള കെഎസ് യു നേതാക്കളെ സസ്പെന്‍ഡ് ചെയ്തതും പുതിയൊരു യുദ്ധമുഖമാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ തുറന്നത്. തന്നോട് ആലോചിക്കാതെയും തന്റെ അനുവാദമില്ലാതെയുമാണ് കെഎസ് യു ക്യാമ്പ് നടത്തിയതെന്നും കെപിസിസി അധ്യക്ഷനായ തന്നെ അതിലേക്ക് ക്ഷണിക്കാതെ അപമാനിക്കുകയായിരുന്നുവെന്നും കെ സുധാകരന് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതോടെയാണ് ചേരിപ്പോര് ചൂടുപിടിച്ചത്.
ഇതാദ്യമായാണ് പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ ആൾക്കെതിരെ ഒരു പിസിസി അധ്യക്ഷന്‍ കോണ്‍ഗ്രസ് ഹൈക്കാമന്‍ഡിനെ സമീപിക്കുന്നത്. സതീശന്റെ അടുത്തയാളായ കെഎസ് യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തന്നോട് ആലോചിക്കാതെ നടത്തിയ പരിപാടിയാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്നും ലഹരിയുള്‍പ്പെടെയുള്ളവയുടെ ഉപയോഗം ക്യാമ്പിലുണ്ടായിരുന്നുവെന്നും സുധാകരന് പാർട്ടി നേതൃത്വത്തിന് നല്കിയ പരാതിയില്‍ പറയുന്നു. കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെതിരെ ഹൈക്കമാന്‍ഡ് നടപടിയെടുക്കണമെന്നാണ് പിസിസി പ്രസിഡന്റ് ആവശ്യപ്പെടുന്നത്.
നെയ്യാറിലെ കെഎസ് യു ക്യാമ്പിലുണ്ടായ സംഘര്‍ഷം മുന്‍ നിര്‍ത്തി വിഡി സതീശനും കെസി വേണുഗോപാലിനുമെതിരെ നീങ്ങാനാണ് സുധാകരന് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട കെഎസ് യു നേതാക്കൾ നാലുപേരും കെ സുധാകരന്റെ വിശ്വസ്തരാണ്. കെപിസിസി അധ്യക്ഷനെ പരിപാടിക്ക് വിളിക്കാതിരുന്നതിനെ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പലര്‍ക്കും ഗുരുതരമായ പരിക്ക് പറ്റുകയും അടിയന്തിര ശസ്ത്രക്രിയക്ക് വരെ വിധേയരാകേണ്ടി വരികയും ചെയ്തു. ഇതോടെയാണ് കെപിസിസി അധ്യക്ഷന്‍ അന്വേഷണക്കമ്മീഷനെ വച്ചത്. കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടന്നുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ വിഡി സതീശനാകട്ടെ കെഎസ് യു സംസ്ഥാനപ്രസിഡന്റിനെ സംരക്ഷിക്കുന്ന നിലപാടിലാണ്. അത് സുധാകരനെ ചൊടിപ്പിക്കുകയും ചെയ്തു. കെപിസിസി അധ്യക്ഷനായ തന്നെ അപമാനിക്കുക മാത്രമല്ല തന്റെ കുട്ടികളെ സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തുവെന്ന് സുധാകരന് ഹൈക്കമാന്‍ഡിന് നല്കിയ പരാതിയില്‍ പറയുന്നു. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടി താല്‍ക്കാലികമായി കെപിസിസി അധ്യക്ഷസ്ഥാനമൊഴിഞ്ഞ തനിക്ക് തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അധ്യക്ഷസ്ഥാനം തിരിച്ചു തരാതെ അപമാനിക്കാനും വിഡി സതീശന്, കെസി വേണുഗോപാലിന്റെ സഹായത്തോടെ ശ്രമിച്ചുവെന്ന വിരോധവും സുധാകരന്റെ മനസിലുണ്ട്. ഇതെല്ലാം കൂടിച്ചേര്‍ന്ന് വന്നപ്പോഴാണ് സതീശനെതിരെ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ കെ സുധാകരന് ആലോചിച്ചത്.കെപിസിസി അന്വേഷണ റിപ്പോര്‍ട്ടിനെ കെഎസ് യു അംഗീകരിക്കില്ലെന്ന നിലപാടിലേക്ക് പോയാല്‍ പിന്നെ കേരളത്തിലെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകും. പാര്‍ട്ടിയിൽ കെപിസിസി അധ്യക്ഷനാണ് അവസാനവാക്ക്. അദ്ദേഹത്തെ ധിക്കരിക്കുകയും അപമാനിക്കുകയും ചെയ്യുക എന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പ്രത്യേകിച്ച് ഒരു വിദ്യാര്‍ത്ഥി സംഘടയുടെ ഭാഗത്തുനിന്ന്. ഇതോടെയാണ് കെ സുധാകരന് കടുത്ത നടപടികളിലേക്ക് കടക്കാന്‍ തുനിഞ്ഞത്. വിഡി സതീശന് കെഎസ് യു നേതൃത്വത്തെ ഉപയോഗിച്ച് തന്നെ ചെറുതാക്കാനും അപമാനിക്കാനും ശ്രമിക്കുകയാണെന്നുതന്നെയാണ് സുധാകരന് ഹൈക്കമാന്‍ഡിന് നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കെഎസ് യു ക്യാമ്പില്‍ ചേരി തിരിഞ്ഞുനടന്ന ഏറ്റുമുട്ടലിനും അതിനെത്തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളിലും കെഎസ് യു സംസ്ഥാന നേതൃത്വത്തിന് പങ്കുണ്ടെന്ന ഉറച്ച നിലപാടാണ് കെസുധാകരന് കൈക്കൊണ്ടിരിക്കുന്നത്.
ഈ നിലപാട് ഹൈക്കമാന്‍ഡിന്റെ മുമ്പിലും അദ്ദേഹം ആവര്‍ത്തിക്കുകയാണ്. ഏതായാലും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതോടെ കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമാകാനാണ് സാധ്യത. സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യതയുണ്ട്. അപ്പോള്‍ പ്രതിപക്ഷ നേതാവും മാറണം എന്ന നിലപാട് അദ്ദേഹം കൈക്കൊണ്ടാല്‍ അത് വലിയ തലവേദനയാകും ഹൈക്കമാന്റിന്. ഏതറ്റം വരെയും പോകുന്ന നിലപാട് കൈക്കൊള്ളുന്ന ചരിത്രമുള്ളയാളാണ് സുധാകരൻ. അതുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി സംഘര്‍ഷങ്ങള്‍ മൂര്‍ഛിക്കാനാണ് സാധ്യത എന്ന കാര്യത്തില്‍ തര്‍ക്കമില്ല