ബാറുടമാസംഘം നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ സിപിഎം കടുത്ത ജാഗ്രതയിലാണ്. മന്ത്രി മുഹമ്മദ് റിയാസിനെ ലക്ഷ്യമിട്ട് പ്രതിപക്ഷം നീങ്ങുന്നുവെന്ന് മനസിലായപ്പോഴാണ് വളരെ സൂക്ഷ്മതയോടെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ പിണറായിയുടെ മനസറിഞ്ഞ് പാർട്ടി നിര്‍ദേശം നല്‍കിയത്. എംവി ഗോവിന്ദന്റെയും എംബി രാജേഷിന്റെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിപിഎം നേതാവ് വിപിപി മുസ്തഫ തല്‍സ്ഥാനത്ത് നിന്ന് രാജിവച്ചതിനെക്കുറിച്ച് മുന്‍ ഇടതുസഹയാത്രികനും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ ചെറിയാന് ഫിലിപ്പ് നടത്തിയ പ്രതികരണം സിപിഎമ്മിന് ചെറുതല്ലാത്ത അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസുമായി അടുപ്പമുള്ള നേതാവാണ് വിപിപി മുസ്തഫ. മലബാറിലെ ബാറുടമകളുമായി വിപിപി മുസ്തഫക്കുള്ള ബന്ധമാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ തെറിപ്പിച്ചതെന്നാണ് ചെറിയാന് ഫിലിപ്പ് പറയുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് മദ്യനയത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചതെന്ന ആരോപണം ശക്തമാണ്. പാര്‍ട്ടി സംവിധാനങ്ങള്‍ മുഹമ്മദ് റിയാസിന്റെ കയ്യിലായത് കൊണ്ട് അദ്ദേഹമാണ് ഇതിന് നേതൃത്വം നല്‍കിയതെന്നാണ് പ്രതിപക്ഷം പ്രധാനമായും ആരോപിക്കുന്നത്. ഇത് സിപിഎമ്മിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ബാറുടമാസംഘം പ്രസിഡന്റ് സുനില്‍കുമാര്‍ പഴയ എസ്എഫ് ഐ നേതാവാണ് എന്നതും സംസ്ഥാനത്തെ പ്രമുഖ സിപിഎം നേതാക്കളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നതും സിപിഎമ്മിനെ കുഴക്കുന്നുണ്ട്. ബാറുടമസംഘം നേതാവ് അനിമോനും സുനില്‍കുമാറും തമ്മിലുള്ള സംഘടനപരമായ ഏറ്റുമുട്ടലാണ് ശബ്ദസന്ദേശം പുറത്ത് വരുന്നതിലേക്ക് വഴിവെച്ചത്. സിപിഎം നേതൃത്വത്തെ ചൊടിപ്പിക്കാൻ ഇത് കാരണമായി.പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരേ നീങ്ങിയാല്‍ വിവരമറിയുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നേരത്തെ പുറത്ത് വന്ന ശബ്ദസന്ദേശത്തിന്റെ ഉടമയായ ബാറുടമാസംഘം നേതാവ് അനിമോന് ഇപ്പോള്‍ പുതിയ വിശദീകരണവുമായി രംഗത്ത് വന്നത്. സംഘടനക്ക് കെട്ടിടം പണിയാനാണ് പണം പിരിച്ചതെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. സംഭവം വിവാദമായതോടെ ബാറുടമാ സംഘം അക്ഷരാര്‍ത്ഥത്തില്‍ രണ്ടായിരുന്നു. അനിമോന്റെ നേതൃത്വത്തില്‍ പുതിയ സംഘടനക്ക് രൂപം നല്‍കാനുള്ള ശ്രമം ഇവര്‍ നേരത്തെ തുടങ്ങിയതാണ്. ഇതേ തുടര്‍ന്ന് ഇയാളെ സംഘടനയില്‍ നിന്നും അടുത്ത കാലത്ത് സസ്പെൻഡ് ചെയ്തിരുന്നു. ബാറുടമാസംഘത്തിലെ ഈ രണ്ടു നേതാക്കള്‍ക്കും സിപിഎമ്മുമായി ബന്ധമുണ്ടെന്നതാണ് രസകരം.
ശബ്ദസന്ദേശത്തെത്തുടര്ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആര്‍ക്കെതിരെയും കേസെടുക്കാതെയാണ് അന്വേഷണം നടത്തുന്നതെന്നതാണ് നിര്‍ണ്ണായകമായ വിഷയം. ശബ്ദസന്ദേശം പുറത്തുവിട്ട നേതാവിനെതിരെ കേസെടുത്താല്‍ അത് വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ ഇക്കാര്യത്തില്‍ പുറത്താകുമെന്നും പാര്‍ട്ടി ഭയക്കുന്നുണ്ട്. കരുതലോടെ നീങ്ങാന്‍ പാര്‍ട്ടി തീരുമാനമെടുത്തതും അതുകൊണ്ടാണ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ നീക്കം യഥാര്‍ത്ഥത്തില്‍ ഉന്നം വയ്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണെന്നും പാര്‍ട്ടിക്കറിയാം.
എക്സൈസ് മന്ത്രി എംബി രാജേഷ് കുടുംബസമേതം യുറോപ്യന്‍ പര്യടനത്തിലാണ്. അദ്ദേഹത്തോട് ഈ വിഷയത്തില്‍ കൂടുതല്‍ മറുപടികള്‍ നല്‍കേണ്ടെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ പത്തിന് നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. ഗവര്‍ണ്ണറുടെ അഭിസംബോധന കഴിഞ്ഞാല്‍ ഈ വിഷയം സഭയില്‍ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും തടഞ്ഞതും നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയുമെല്ലാം ബാര്‍ കോഴ വിവാദത്തെത്തുടര്‍ന്നാണ്. ഇത്തവണ അതേ തന്ത്രം തിരിച്ചു പ്രയോഗിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സാധാരണഗതിയില്‍ സിപിഎമ്മും ഇടതുമുന്നണിയും കുരുക്കിലാകുമ്പോള്‍ യുഡിഎഫില്‍ നിന്നും അവരെ രക്ഷിക്കാന്‍ ശ്രമിക്കാറുള്ളത് മുസ്ളീംലീഗായിരുന്നു. എന്നാല്‍ വിഷയം മദ്യമായത് കൊണ്ട് ലീഗിന് അങ്ങനെ ഇടപെടാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് കരുതുന്നു. ഏതായാലും വരുന്ന നിയമസഭാ സമ്മേളനം മദ്യത്താല്‍ പ്രക്ഷുബ്ധമാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. പ്രമുഖ സിപിഎം നേതാക്കളാരും ഈ വിവാദത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടില്ലന്നതും ശ്രദ്ധേയമാണ്. മദ്യവിവാദം തണുപ്പിക്കേണ്ടതും പ്രതിപക്ഷത്തെ നേരിടേണ്ടതും മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തമായി വരികയാണ്.