പാലക്കാട് : അവയവത്തട്ടിപ്പിന് ഇരയായെന്ന് കരുതുന്ന പാലക്കാട് സ്വദേശിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടി പൊലീസ്. പാലക്കാട് തിരുനെല്ലായി സ്വദേശി ഷെമീറാണ് തട്ടിപ്പിനിരയായതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾ ഒരു വർഷം മുൻപ് വീടുവിട്ട് പോയെന്നാണ് വിവരം. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ നിന്നും പൊലീസെത്തി ഇയാളുടെ കുടുംബത്തിൽ നിന്നും വാർഡ് അംഗത്തിൽ നിന്നും വിശദാംശങ്ങൾ ചോദിച്ചിരുന്നു.
കുടുംബം താമസിച്ചിരുന്ന വീടും പറമ്പും വിറ്റ് മറ്റൊരു വീട് വാങ്ങാനുള്ള പണം ഷമീറിന്റെ അക്കൗണ്ടിൽ പിതാവ് നിക്ഷേപിച്ചിരുന്നു. ടൗണിൽ വീടും സ്ഥലവും വാങ്ങാനായിരുന്നു പ്ലാൻ. എന്നാൽ ഈ പണം ഉപയോഗിച്ച് ഷെമീർ ഓൺലൈൻ ഗെയിമിൽ കളിക്കുകയും പണം നഷ്ടപ്പെടുത്തുകയും ചെയ്തു. ഇതോടെ കുടുംബവുമായി ഇതേ ചൊല്ലി തർക്കം ഉണ്ടായി. സാങ്കേതിക കോഴ്സ് പൂർത്തിയാക്കിയതായിരുന്നു യുവാവ്. ഇയാൾ കുറച്ച് നാൾ പെയിന്റിങ് ജോലി ചെയ്തിരുന്നു. പിന്നീട് വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നുണ്ടെന്ന് സുഹൃത്തുക്കളെ അറിയിച്ചു. എന്നാൽ പിന്നീട് ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചു. അതിനിടയിൽ പാലക്കാട് ടൗണിലെ രണ്ടുപേർക്ക് ഇയാൾ വിദേശ ജോലി വാഗ്ദാനം ചെയ്തെങ്കിലും സംശയം തോന്നിയ അവർ പിന്നീട് പിൻമാറി. പിന്നീടാണ് ഇയാൾ വീട് വിട്ടത്. അതേസമയം വീട്ടുകാർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതിയൊന്നും നൽകിയിട്ടില്ല.
അവയവ കച്ചവട കേസിൽ പ്രതി സാബിത് ഇന്നലെ പിടിയിലായതിന് പിന്നാലെയാണ് പാലക്കാട് സ്വദേശിയായ ഷെമീറും അവയവക്കച്ചവടത്തിന് ഇരയായിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നത്. ഷെമീർ ആറ് മാസം മുൻപാണ് വൃക്ക ദാനം ചെയ്തത് എന്നാണ് സാബിത്ത് നൽകിയ മൊഴി. അതേസമയം ഷമീർ മുമ്പും അവയവദാനത്തിന് ശ്രമിച്ചിരുന്നതായി വാർഡ് കൗൺസിലർ മൻസൂർ മണലാഞ്ചേരി പറഞ്ഞു. ഒരു വർഷം മുമ്പ് അവയവദാനത്തിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.