കോഴിക്കോട്: കൈവിരലിനു പകരം നാലുവയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഡോ. ബിജോൺ ജോൺസനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് മെഡിക്കൽ കോളേജ് എ.സി.പി പ്രേമചന്ദ്രൻ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. അതിനുശേഷമായിരിക്കും ഡോക്ടറെ ചോദ്യം ചെയ്യുക.
മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അഷ്റഫിന്റെ നേതൃത്വത്തിലാണ് മെഡിക്കൽ ബോർഡ്. ഡോ.ബ്രിജോൺ ജോൺസൺ, കുട്ടിയുടെ മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരുടെ മൊഴിയും സംഘം രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ചികിത്സാരേഖകൾ പരിശോധിച്ചുവരികയാണെന്നും കുട്ടിയുടെ നാവിന് പ്രശ്നമുണ്ടായിരുന്നോയെന്ന് മെഡിക്കൽ ബോർഡിനുശേഷം അറിയാമെന്നും എ.സി.പി പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയതിൽ ചികിത്സാവീഴ്ചയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിക്ക് നാക്കിന് കുഴപ്പമുണ്ടായിരുന്നു എന്ന് ഒരു ചികിത്സാരേഖയിലും ഇല്ല. ഇത് സംബന്ധിച്ച ചികിത്സയ്ക്കല്ല മെഡിക്കൽ കോളേജിൽ എത്തിയതെന്നും അന്വേഷണസംഘത്തിനു വ്യക്തമായി. ഈ റിപ്പോർട്ടും മെഡിക്കൽ ബോർഡിന് കെെമാറും. വ്യാഴാഴ്ച രാവിലെയാണ് കൈവിരലിന് ചികിത്സ തേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ മകൾക്ക് നാവിന് ശസ്ത്രക്രിയ നടത്തിയത്.