തിരുവനന്തപുരം: സോളാർ സമരവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തൽ തള്ളി എൻ.കെ പ്രേമചന്ദ്രൻ എം.പി. യു.ഡി.എഫുമായി ചർച്ച നടത്താൻ തന്നെ എൽ.ഡി.എഫ് നിയോഗിച്ചിട്ടില്ല. സർക്കാരുമായോ യു.ഡി.എഫ് നേതാക്കളുമായോ ഒരു ചർച്ചയും നടത്തിയിട്ടില്ല. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തനിക്ക് ഒരു വ്യക്തതയുമുണ്ടായിരുന്നില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.വാർത്താസമ്മേളനം വിളിച്ചാണ് പ്രേമചന്ദ്രൻ വിവാദങ്ങളോട് പ്രതികരിച്ചത്.
‘സമകാലിക മലയാളം’ വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലേക്കു തന്റെ പേര് പരാമർശിക്കപ്പെട്ടത് നിർഭാഗ്യകരമാണ്. താൻ പ്രസംഗിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് സമരം അവസാനിപ്പിച്ചത് അറിഞ്ഞത്. സമരം അവസാനിപ്പിക്കുന്നതിൽ ഒരു വ്യക്തതയും തനിക്കുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.”ചർച്ച നടത്താൻ എൽ.ഡി.എഫ് എന്നെ നിയോഗിച്ചിട്ടില്ല. സർക്കാരുമായോ യു.ഡി.എഫ് നേതാക്കളുമായോ ഒരു ചർച്ചയും ഞാൻ നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ വരണമെന്ന ടേംസ് ഓഫ് റഫറൻസ് തയാറാക്കിയത് ഞാനാണ്. ഇതല്ലാതെ മറ്റൊന്നിലും പങ്കാളിയായിരുന്നില്ല”
സമരത്തിൽനിന്ന് സി.പി.എമ്മിനും എൽ.ഡി.എഫിനും രാഷ്ട്രീയ നേട്ടമുണ്ടായി. തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചു. അങ്ങനെയൊരു സമരവും അവസാനിക്കില്ലെന്ന് തോമസ് ഐസക് പരസ്യമായി പ്രതികരിച്ചിരുന്നു. സമാനമായ പ്രതികരണം താനും നടത്തിയതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ”27 ഖണ്ഡികയുള്ള ടേംസ് ഓഫ് റഫറൻസ് മുഴുവൻ അന്ന് സർക്കാർ അംഗീകരിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ രാജിയായിരുന്നു പ്രധാന ആവശ്യം. സമരത്തിനൊടുവിലാണ് അധിക ആവശ്യങ്ങൾ വന്നത്. എന്തെങ്കിലും ഡീൽ നടന്നതായി ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ജീവിതത്തിൽ ഇത്ര വലിയ പ്രക്ഷോഭത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല.”
വി.എസിന്റെ പിടിവാശിയാണ് സമരം എന്ന ആരോപണം പ്രേമചന്ദ്രൻ തള്ളി. സമരം പാർട്ടി തീരുമാനമാണ്. സമരത്തിന്റെ ശക്തി സി.പി.എം ആയിരുന്നു. പ്രായോഗികത പരിശോധിച്ച ശേഷമാകാം സമരം അവസാനിപ്പിച്ചത്. എൽ.ഡി.എഫ് യോഗത്തിലെടുത്ത തീരുമാനം അംഗീകരിക്കുകയായിരുന്നു. അവിഹിതമായ കൊടുക്കൽവാങ്ങൽ നടന്നിട്ടുണ്ടെങ്കിൽ വിഷയം ഗൗരവമുള്ളതാണെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.