തിരുവനന്തപുരം: സോളാര്‍ സമരത്തില്‍ ഒത്തുതീര്‍പ്പിനായി ജോണ്‍ ബ്രിട്ടാസ് വിളിച്ചുവെന്ന് വ്യക്തമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സോളാര്‍ സമരവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്ത്തകന് ജോണ്‍ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെയാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. ഇക്കാര്യം വിവാദമായി ഞാന്‍ കാണുന്നില്ലെന്നും 10 വര്‍ഷത്തിന് മുന്‍പ് ഉണ്ടായ സംഭവമാണിതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അന്ന് അസാധാരണമായ സമരം ആണ് നടന്നത്. ചെറിയാന് ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സമരം അവസാനിപ്പിക്കാൻ നടപടി എടുക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആയിരുന്നു. അത് ചർച്ച ചെയ്തു. ചര്‍ച്ചയിലെ കാര്യങ്ങള്‍ പറയുന്നില്ലെന്നും നേതാക്കളെ തേജോവധം ചെയ്യാന്‍ ഞാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ സമരത്തില്‍ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്നാണ് മാധ്യമ പ്രവര്ത്തകന് ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയത്. രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് വഴിയാണ് സി.പി.എം ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്നും പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കമെന്നും ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സോളാര്‍ സമരത്തില്‍ ജോണ്‍ മുണ്ടക്കയത്തെ സമീപിച്ചിട്ടില്ലെന്നാണ് രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചത്. ജോണ്‍ മുണ്ടക്കയവുമായി സോളാര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അത് വെറും ഭാവനയാണെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സമരം ഒത്തുതീര്‍പ്പ് ആക്കണം എന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടെന്നും. ചെറിയാന് ഫിലിപ്പിന്റെ ഫോണിലേക്കാണ് വിളിച്ചതെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.