ജൂണ്‍ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം കെ സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറുമെന്ന് വ്യക്തമായതോടെ ആ കസേരക്കായി കോണ്‍ഗ്രസില്‍ അടി തുടങ്ങി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ക്രൈസ്തവരില്‍ നിന്നുളള ഒരു നേതാവ് വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്. ബെന്നിബഹ്നാന്‍, ആന്റോ ആന്റെണി, സണ്ണി ജോസഫ് എന്നിവരുടെ പേരുകള്‍ ഇവര്‍ മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍ ഈഴവസമുദായംഗമായ കെ സുധാകരന് മാറുമ്പോള്‍ അതേ സമുദായത്തില്‍ നിന്നുള്ള ആള് തന്നെ വേണമെന്നാണ് മറ്റൊരാവശ്യം ഉയര്‍ന്നുവരുന്നത്. അടൂര്‍ പ്രകാശ് എംപി തനിക്ക് അതിന് അര്‍ഹതയുണ്ടെന്നും ഇപ്പോഴേ പ്രഖ്യാപിച്ചു കഴിഞ്ഞു.
കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഈഴവ സമുദായാംഗമായിരുന്ന ആര്.ശങ്കറാണ്. അതിന് ശേഷം കെ കരുണാകരന്, എകെ ആന്റെണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവരാണ് കോണ്‍ഗ്രസിന് പ്രതിനിധീകരിച്ച് മുഖ്യമന്ത്രിമാരായത്. ഇവരെല്ലാം മുന്നോക്കവിഭാഗത്തില്‍ പെടുന്നവരുമായിരുന്നു. പിന്നോക്കവിഭാഗങ്ങളില്‍ നിന്നും കുറെക്കാലമായി മതിയായ പ്രതിനിധ്യം കേരളത്തിലെ കോണ്ഗ്രസിലില്ലന്നും അതുകൊണ്ട് കെ സുധാകരന് മാറുമ്പോള്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരു നേതാവ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് വരണമെന്നുമാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.അതേ സമയം കേരളത്തില്‍ ദളിത് വിഭാഗത്തില്‍പെട്ടയാളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നു മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്. കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണക്കുന്നവരാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ദളിത് വിഭാഗത്തില്‍ നിന്നുള്ളതാണെന്നും അത് കൊണ്ട് കെപിസിസി അധ്യക്ഷനായി ദളിത് വിഭാഗത്തില്‍പ്പെട്ടയാള്‍ വന്നാല്‍ എന്താണ് കുഴപ്പമെന്നും അവര്‍ ചോദിക്കുന്നു.
പുതിയ കെപിസിസി അധ്യക്ഷന്‍ വന്നതിന് ശേഷം പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ പുനസംഘടന നടത്താമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. കെപിസിസിയും ഡിസിസിയും മാത്രമല്ല സംഘടനാ തെരഞ്ഞെടുപ്പ് നടന്ന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പോലും പുനസംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം പരാജയമായിരുന്നുവെന്നു കെ മുരളീധരനെപ്പോലുള്ള സീനീയര്‍ നേതാക്കള്‍ക്ക് പോലും പറയേണ്ടി വന്നതും അതുകൊണ്ടാണ്. പുനസംഘടന നടക്കാത്തതിനാല്‍ ബ്ളോക്ക് മണ്ഡലം തലങ്ങളിലൊന്നും ഒരാളെയും ഒരു കാര്യവും ഏല്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു സ്ഥാനാര്‍ത്ഥികളെല്ലാം അഭിമുഖീകരിച്ചത്
ഏത്രയും പെട്ടെന്ന് കെപിസിസി ഡിസിസി പുനസംഘടനയുണ്ടായില്ലങ്കില് പതിനെട്ട് മാസം കഴിഞ്ഞുവരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനും, അതിനു രണ്ടുമാസത്തിന് ശേഷം വരുന്ന നിയസമഭാ തെരെഞ്ഞെടുപ്പിനും പാര്‍ട്ടിയെ സജ്ജമാക്കാന്‍ കഴിയില്ലന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം പറയുന്നത്. ജൂണ്‍ നാലിന് ശേഷം അഖിലേന്ത്യാ തലത്തില്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ അഴിച്ചുപണികള്‍ നടക്കും. അപ്പോഴാണ് കേരളത്തിലെ പുനസംഘടന നടത്താന്‍ ഹൈക്കമാന്‍ഡ് ഉദ്ദേശിച്ചിരിക്കുന്നത്. നിയമസഭാ കക്ഷി നേതാവും പിസിസി അധ്യക്ഷനും തമ്മിൽ നിലവിലുള്ള പോര് കേരളത്തിലെ കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന് ഹൈക്കമാന്‍ഡിന് തോന്നിതുടങ്ങിയിട്ടുണ്ട്.
പുതിയ നേതൃത്വം എന്നത് കെപിസിസിയില്‍ മാത്രമായിരിക്കുമെന്നും ഹൈക്കമാന്‍ഡ് സൂചന നല്‍കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനും നിയമസഭാകക്ഷി നേതാവും 2021 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു പാക്കേജിന്റെ അടിസ്ഥാനത്തില്‍ ചുമതലയേറ്റവരാണ്, അപ്പോള്‍ മാറ്റം ഒരാള്‍ക്ക് മാത്രം ബാധമാക്കുന്നതിനെ ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്. കെ സുധാകരനെ അനുകൂലിക്കുന്നവരാണ് മാറ്റം രണ്ടുപേര്‍ക്കും വേണമെന്ന ഫോര്‍മുല ഉയര്‍ത്തിക്കൊണ്ടു വരുന്നത്. എന്നാല്‍ അത് സാധ്യമല്ലന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറപ്പിച്ച് പറഞ്ഞു കഴിഞ്ഞു. പ്രായാധിക്യവും, ഓടി നടന്ന് സംഘടനാകാര്യങ്ങള്‍ നടത്താനുള്ള അനാരോഗ്യവുമാണ് കെ സുധാകരനെ മാറ്റുന്നതിനുള്ള കാരണമായി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിവാദ പ്രസ്താവനകളും, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായിട്ടുള്ള കടുത്ത അഭിപ്രായ വ്യത്യാസവും പുറത്തേക്കുള്ള സുധാകരന്റെ പോക്കിനെ കൂടുതല്‍ വേഗത്തിലാക്കുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടുകഴിഞ്ഞാല് കെ സുധാകരന് എന്ത് നിലപാട് എടുക്കുമെന്നതും അതു പാര്‍ട്ടിക്ക് തലവേദനയാകുമോ എന്നതും കോണ്‍ഗ്രസിനെ ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ട്