കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തിന് ശേഷം ഔദ്യോഗിക മത്സരവിഭാഗത്തിൽ ഒരു ഇന്ത്യൻ സിനിമ എത്തിയ ആഹ്ലാദം പങ്കുവെച്ച് സംവിധായകൻ ഡോ.ബിജു. മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയും അഭിനയിച്ച ആൾ വി ഇമാജിൻ ആസ് ലൈറ്റ് ആണ് സ്വമ്മിനു ശേഷം ഈ വിഭാഗത്തിൽ കാനിലെത്തുന്ന ആദ്യ ഇന്ത്യൻ സിനിമ. പായൽ കപാഡിയയാണ് ചിത്രത്തിൻറെ സംവിധായക. ചിത്രത്തെക്കുറിച്ചും ഈ നേട്ടം കേരളത്തിൽ ശ്രദ്ധിക്കാതെ പോകുന്നതിനെകുറിച്ചും ഡോ ബിജു എഴുതിയ കുറിപ്പ് വായിക്കാം
കുറിപ്പിന്റെ പൂർണ രൂപം
ഇന്നലെ ആരംഭിച്ച കാൻസ് ചലച്ചിത്ര മേളയിൽ 30 വർഷത്തിന് ശേഷം ആദ്യമായി ഒരു ഇന്ത്യൻ സിനിമ ഔദ്യോഗിക മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുക ആണ് . പായൽ കപാഡിയ സംവിധാനം ചെയ്ത “All We Imagine as Light “ . 30 വർഷങ്ങൾക്ക് മുൻപ് മത്സര വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത് ഒരു മലയാള സിനിമ ആയിരുന്നു . ഷാജി എൻ കരുൺ സംവിധാനം ചെയ്ത swaham (സ്വം ) എന്ന മലയാള സിനിമ .
മുപ്പത് വർഷങ്ങളുടെ ദീർഘമായ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ഇന്ത്യൻ സിനിമ കാനിൽ മത്സര വിഭാഗത്തിൽ ഇടം നേടുമ്പോഴും മലയാളത്തിന് അഭിമാനിക്കാം . സിനിമയിലെ പ്രധാനപ്പെട്ട ഭാഷ മലയാളം ആണ് . അതിനുമപ്പുറം മലയാളത്തിലെ രണ്ടു നടിമാർ ആണ് ഈ ചിത്രത്തിലെ പ്രധാന നായികമാർ . കനി കുസൃതിയും , ദിവ്യ പ്രഭയും ….കാനിലെ റെഡ് കാർപ്പറ്റിലൂടെ മത്സര വിഭാഗത്തിലുള്ള ഒരു സിനിമയെ പ്രതിനിധീകരിച്ചു രണ്ടു മലയാള താരങ്ങൾ നടന്നു കയറുന്നത് മലയാള സിനിമയ്ക്കും കേരളത്തിനും അഭിമാനകരം ആണ് . എല്ലാ വിധ അഭിനന്ദനങ്ങളും പായൽ കപാഡിയ , കനി കുസൃതി , ദിവ്യ പ്രഭ . നിങ്ങൾ ഇന്ത്യയുടെ അഭിമാനം മാത്രമല്ല മലയാള സിനിമയുടെ അഭിമാനം കൂടി ആണ് ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കുന്നത് ..എല്ലാ ആശംസകളും …
മലയാളത്തിന് ഏറെ അഭിമാനം പകരുന്ന ഈ നേട്ടത്തെ അഭിനന്ദിച്ചു കൊണ്ട് ചലച്ചിത്ര അക്കാദമിയുടെയോ , സാംസ്കാരിക വകുപ്പിന്റെയോ , മന്ത്രിയുടെയോ ഒരു കുറിപ്പ് പോലും ഇതുവരെ കണ്ടില്ല . ഏതെങ്കിലും സിനിമാ സംഘടനകളും അഭിനന്ദന കുറിപ്പ് പുറത്തിറക്കി കണ്ടില്ല ( എന്റെ ശ്രദ്ധയിൽ പെടാത്തത് ആണെങ്കിൽ ക്ഷമ ). നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങളും ഈ വലിയ വാർത്ത അർഹമായ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നതും സംശയം . (കേരള കൗമുദി ദിനപ്പത്രത്തിൽ ഒരു വലിയ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു ) എതായാലും അന്താരാഷ്ട്ര തലത്തിൽ സിനിമയ്ക്ക് വലിയ വാർത്തകളും ശ്രദ്ധയും ലഭിക്കുന്നുണ്ട് . കേരളത്തിൽ ചിലപ്പോൾ നമ്മുടെ ചലച്ചിത്ര അക്കാദമി ചെയർമാന്റെ അഭിപ്രായം പോലെ തിയറ്ററിൽ ആളെ കൂട്ടാത്ത സിനിമയൊക്കെ എന്ത് സിനിമ , എന്ത് കാൻ , ഏത് കാൻ , തിയറ്ററിൽ ആള് കയറാത്ത സിനിമയ്ക്ക് ഒക്കെ എന്ത് റെലവൻസ് ..
അതു കൊണ്ടാകാം ചലച്ചിത്ര അക്കാദമി യും സാംസ്കാരിക വകുപ്പും ഒക്കെ ഈ വിവരം ഇതുവരെയും അറിയുകയോ അഭിനന്ദിക്കുകയോ ചെയ്യാതിരുന്നത് . സാരമില്ല ഇന്നലെ ഫെസ്റ്റിവൽ തുടങ്ങിയത് അല്ലേ ഉള്ളൂ അഭിനന്ദനത്തിനു ഒക്കെ ഇനിയും വേണമെങ്കിൽ ധാരാളം സമയം ഉണ്ട് ….