മുംബൈ:ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദപരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിന്റെ പതിനഞ്ച് ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്കായി നല്കാന് ശ്രമിച്ചെന്ന് മോദി പറഞ്ഞു. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേക ബജറ്റ് വേണമെന്നാണ് അവരുടെ ആഗ്രഹം. എന്നാല്‍ ബിജെപിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത് ഉപേക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് തങ്ങളുടെ പഴയ അജണ്ടകള്‍ നടപ്പിലാക്കാനാണ് തീരുമാനം. മതത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം അനുവദിക്കില്ലെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ കല്യാണില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.
കോണ്‍ഗ്രസിന് ഒരു ഒറ്റ ന്യൂനപക്ഷമേയുള്ളു. അത് അവരുടെ വോട്ട് ബാങ്കാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വിഭവങ്ങളുടെ ആദ്യഅവകാശികള്‍ മുസ്ലീങ്ങളാണെന്ന് യുപിഎ പ്രചരിപ്പിച്ചു. ഇന്ത്യാ സഖ്യം വീണ്ടും അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി വ്യത്യസ്ത ബജറ്റ് കൊണ്ടുവരുമെന്നും അതില്‍ ഹിന്ദുക്കള്‍ക്ക് ഇത്ര, മുസ്ലീങ്ങള്‍ക്ക് ഇത്ര എന്ന രീതിയില്‍ നീക്കിവയ്ക്കുമെന്നും മോദി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണ്. എസ്ടി, ഒബിസി സംവരണം മുസ്ലീങ്ങള്‍ക്കായി തിരിച്ചുവിടാന്‍ അനുവദിക്കില്ലെന്നും മോദി പറഞ്ഞു. സംവരണവുമായി ബന്ധപ്പെട്ട ഡോ. ബി.ആര്. അംബേദ്കറുടെ നയങ്ങള്‍ക്കെതിരാണ്. ഇത് ഒരുതരത്തിലും അനുവദിക്കില്ല. ഒരു എംപിയെ മാത്രമല്ല, ശക്തമായ ഒരു രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ കരുത്തുള്ള ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരമാണിതെന്നും മോദി പറഞ്ഞു.