ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് പാകിസ്ഥാന്. ഈ മത്സരത്തോടെ മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി സ്വന്തം പേരിലെഴുതിയ ചരിത്രവും പാക് നായകന് ബാബര്‍ അസം മറികടന്നു. ടി20യില്‍ ഫിഫ്റ്റികളുടെ എണ്ണത്തിലാണ് വിരാടിനെ അസം മറികടന്നത്.മൂന്ന് മത്സരങ്ങളുള്ള പരമ്പര പാകിസ്ഥാന് 2-1ന് സ്വന്തമാക്കി.
അവസാനമത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയപ്പോള്‍ പാകിസ്ഥാന് മൂന്ന് ഓവറുകളും ആറ് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു. 42 പന്തുകളില്‍ നിന്ന് 75 റണ്‍സ് നേടിയ ബാബറിന്റെ ഇന്നിങ്സില്‍ അഞ്ച് സിക്സറുകളും ആറ് ബൗണ്ടറികളും ഉള്‍പ്പെടുന്നു.കുട്ടിക്രിക്കറ്റില്‍ ബാബര്‍ അസമിന്റെ ഫിഫ്റ്റികളുടെ എണ്ണം 39 ആയി. 38 അര്‍ധസെഞ്ച്വറികളാണ് വിരാടിന്റെ പേരിലുള്ളത്. ഇന്ത്യന്‍ നായകന് രോഹിത് ഇതുവരെ 34 അര്‍ധസെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഒരു ഓവറില്‍ 25 റണ്‍സും ബാബര്‍ നേടി.മത്സരത്തിന്റെ പതിനാലാം ഓവറില്‍ നാലുസിക്സറുകളാണ് അസം നേടിയത്. ബെഞ്ചമിന്‍ വൈറ്റ് എറിഞ്ഞ ഓവറില്‍ ആദ്യമൂന്ന് പന്തുകളും ഗ്യാലറിയിലെത്തിച്ച പാക് നായകന് അഞ്ചാം പന്തും ഗ്യാലറിയില്‍ എത്തിച്ചു. ഇതോടെ ടി20യില്‍ ഒരുഓവറില്‍ നാല് സിക്സറുകള്‍ നേടുന്ന മൂന്നാമത്തെ പാക് താരമായി ബാബര്‍. രണ്ടാം വിക്കറ്റില്‍ മുഹമ്മദ് റിസ്വാനുമായി ചേര്‍ന്ന് ബാബര്‍ ഉണ്ടാക്കിയ 139 റണ്‍സിന്റെ കൂട്ടുകെട്ട് പാകിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി. ടി20യില്‍ രണ്ട് പാകിസ്ഥാന് സ്റ്റാര്‍ ബാറ്റര്‍മാര്‍ തമ്മിലുള്ള പത്താം സെഞ്ച്വറി കൂട്ടുകെട്ടാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജോഡിയും ഇവരാണ്.