മുംബൈ: മുംബൈ ഘാട്കോപ്പറിലെ പെട്രോള്‍ പമ്പിന് മുകളിലേക്ക് പരസ്യ ബോര്‍ഡ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം 14 ആയി ഉയര്‍ന്നു. 60 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.കനത്ത പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്.
പെട്രോള്‍ പമ്പിന് എതിര് വശത്തുളള നൂറ് അടി ഉയരമുളള കൂറ്റന്‍ പരസ്യബോര്‍ഡാണ് തകര്‍ന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്‍ക്കു മുകളിലേക്കാണ് പരസ്യബോര്‍ഡ് വീണത്. അപകടത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വഡാലയിൽ ഇരുമ്പു കമാനം തകർന്നു വീണ് പത്തിലധികം കാറുകൾ പൂർണമായും തകർന്നു. പൊടിക്കാറ്റിലും മഴയിലും മുംബൈ സബ് അർബൻ റെയിൽവേ പൂർണമായും നിലച്ചു. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തുന്നത്.