ജയിലില്‍ നിന്നും ഇറങ്ങിയ അരവിന്ദ് കെജ്രിവാള് നടത്തിയ ആദ്യ വാർത്താസമ്മേളനം ശ്രദ്ധിച്ചവര്‍ക്കറിയാം എന്തുകൊണ്ടാണ് നരേന്ദ്രമോദി അദ്ദേഹത്ത ജയിലിലാക്കിയതെന്ന്. അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജനങ്ങള്‍ക്ക് മുന്നിലേക്കെത്തിയ കെജ്രിവാള് തികച്ചും നിര്‍ഭയനായി വീണ്ടും മോദിയെ വെല്ലുവിളിക്കുകയാണ്. ഇതാദ്യമായാണ് ഇന്ത്യ മുന്നണിയിലെ ഒരു പ്രമുഖ നേതാവ്, അതും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വ്യക്തി, മോദി ഭരണത്തിൽ നിന്ന് പുറത്താകുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്.
ഇന്ത്യാ മുന്നണിക്കും പ്രതിപക്ഷത്തിന് ആകെത്തന്നെയും ഇന്ധനമാവുകയാണ് കെജ്രിവാളിന്റെ മടങ്ങിവരവ്. തെരഞ്ഞെടുപ്പ് കാലത്ത് കെജ്രിവാളിനെ ജയിലില്‍ നിന്നും പുറത്തിറക്കരുതെന്ന വാശിയായിരുന്നു മോദിക്കും അമിത് ഷാക്കും. കാരണം കെജ്രിവാള് പുറത്തിറങ്ങിയാല്‍ അതോടെ ഇന്ത്യ സഖ്യത്തിന് വലിയ ഊര്‍ജ്ജമായിരിക്കും കൈവരിക. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അരവിന്ദ് കെജ്രിവാള് ജൂണ്‍ ഒന്നിന് മുമ്പ് പുറത്തിറങ്ങരുതെന്നാണ് മോദിയും ബിജെപിയും ആഗ്രഹിച്ചിരുന്നത്. ഇനി നാല് ഘട്ടം വോട്ടെടുപ്പാണ് ബാക്കിയുളളത്. മെയ് 13, 20, 25, ജൂണ്‍ 1 എന്നിങ്ങിനെയാണ് ഇനിയുള്ള തെരഞ്ഞെടുപ്പ് തീയതികള്‍. വരുന്ന നാല് ഘട്ടം തെരഞ്ഞെടുപ്പുകളില്‍ 259 സീറ്റുകളിലേക്കാണ് മല്‍സരം നടക്കുന്നത്. മഹാരാഷ്ട്ര 24, തെലങ്കാന 17, ഝാര്‍ഖണ്ഡ് 14, മധ്യപ്രദേശ് 8, ഹിമാചല്‍ പ്രദേശ് 4, ഉത്തര്‍പ്രദേശ് 54, പശ്ചിമബംഗാള്‍ 32, ഡല്‍ഹി 7, ഒഡീഷ 21, ആന്ധ്രപ്രദേശ് 21, ബീഹാര്‍ 26, ഹരിയാന 10, പഞ്ചാബ് 13 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കാനുള്ള മണ്ഡലങ്ങളുടെ എണ്ണം. കെജ്രിവാളിന്റെ തട്ടകമായ ഡല്‍ഹി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ സീറ്റുകള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അറസ്റ്റിലായാല്‍ കെജ്രിവാള് രാജിവെക്കുമെന്നായിരുന്നു ബിജെപിയുടെയും മോദിയുടെയും പ്രതീക്ഷ. എന്നാല്‍ തന്ത്രപരമായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് ജയിലില്‍ കഴിഞ്ഞു.
ഇനി പോളിംഗ് നടക്കാനുള്ള 259 സീറ്റുകള്‍ ഇന്ത്യാ മുന്നണിക്കും ബിജെപിക്കും ഒരുപോലെ നിര്‍ണ്ണായകമാണ്. ഇതില്‍ മേല്‍ക്കൈ നേടുന്ന കക്ഷിക്കേ ഇന്ത്യ ഭരിക്കാന്‍ കഴിയുമെന്നുറപ്പുള്ളു. ഇന്ത്യാ മുന്നണിയുടെ പ്രതീക്ഷകള്‍ വര്‍ധിച്ചത് ബിജെപി കാണാതിരിക്കുന്നില്ലെന്ന് മാത്രമല്ല അതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസില്‍ ലയിക്കാനുള്ള ശരത് പവാറിന്റെ നീക്കത്തെ തടസപ്പെടുത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചാല്‍ ബിജെപിക്ക് അത് തിരിച്ചടിയാകും. കാരണം അജിത് പവാറിനും പാര്ട്ടിക്കുമൊന്നും അവിടെ കാര്യമായ ജനപിന്തുണയില്ലെന്ന് ബിജെപി മനസ്സിലാക്കിയിട്ടുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധിയെക്കാള്‍ പോപ്പുലർ നേതാവാണ് കെജ്രിവാള്. അതുകൊണ്ടാണ് അദ്ദേഹത്തെ പൂട്ടിയിടാന്‍ ബിജെപി ഇത്രക്ക് പണിയെടുത്തതും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെടുന്നതില്‍ തടസമില്ലെന്നാണ് ജാമ്യവ്യവസ്ഥയിലുള്ളത്. ഇതും ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. രക്തസാക്ഷി പരിവേഷത്തോടെ കെജ്രിവാള് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തങ്ങള്‍ക്ക് അപകടമാണെന്ന തിരിച്ചറിവ് ബിജെപിക്കുണ്ട്. ആപ്പിന്റെ ശക്തികേന്ദ്രമായ പഞ്ചാബ് അടക്കമുളള സംസ്ഥാനങ്ങളില്‍ അവസാനഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. ആപ്പിനെ സംബന്ധിച്ചിടത്തോളം നിലവില്‍ അവര്‍ക്ക് ലോക്സഭയില്‍ എംപിമാരില്ല. ഇത്തവണ ഡല്‍ഹിയില്‍ നിന്നും പഞ്ചാബില്‍ നിന്നും തങ്ങള്‍ക്ക് എംപിമാരുണ്ടാകുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി.
കെജ്രിവാളിനെ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പിടിച്ച് അകത്തിട്ടത് പൊല്ലാപ്പായോ എന്ന സംശയം ബിജെപിക്കുള്ളിലുണ്ട്. രക്തസാക്ഷി പരിവേഷത്തെ നന്നായി ഉപയോഗിക്കാനറിയുന്ന നേതാവാണ് കെജ്രിവാള്. ജയിച്ചാല്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ മാത്രമല്ല യോഗി ആദിത്യനാഥിനെപ്പോലുള്ള ബിജെപി മുഖ്യമന്ത്രിമാരെ സ്ഥാനഭ്രഷ്ടനാക്കാന്‍ മോദി ശ്രമിക്കുമെന്നാണ് കെജ്രിവാള് പറഞ്ഞത്. വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഒരു രാജ്യം ഒരു നേതാവ് എന്നതാണ് ബിജെപിയുടെ തന്ത്രമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അത് മനസിലാക്കണമെന്ന തരത്തിലുള്ള പ്രചാരണമാണ് കെജ്രിവാള് നടത്തുന്നത്. മോദിക്കെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഒന്നിപ്പിക്കുക, അതോടൊപ്പം ബിജെപിയിലെ മോദി വിരുദ്ധരെയും. ഇതാണ് വരാന്‍ പോകുന്ന നാല് ഘട്ടത്തിലെ തെരഞ്ഞെടുപ്പുകളില്‍ കെജ്രിവാള് നടത്താന്‍ പോകുന്ന പ്രചാരണത്തിന്റെ ആകെത്തുക. അതാണ് കെജ്രിവാളിനെ അപകടകാരിയായി കാണാൻ മോദിയെ പ്രേരിപ്പിക്കുന്നതും. ബിജെപിയുടെ എല്ലാ ആയുധങ്ങളും കയ്യിലുള്ള മതേതര ജനാധിപത്യ പാര്‍ട്ടിയാണ് ആംആദ്മി. ഇത് മറ്റാരെക്കാള്‍ നന്നായി മോദിക്കറിയാം. അതുതന്നെയാണ് ആപ്പിനെതിരെ മോദി തിരിയാന്‍ കാരണവും