പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കൗണ്‍സില്‍ തയ്യാറാക്കിയ വര്‍ക്കിംഗ് റിപ്പോര്‍ട്ടിലെ ജനസംഖ്യാ കണക്കുകള്‍ ബിജെപിയുടെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ഉണ്ടാക്കിയതാണെന്ന ആരോപണം ശക്തമാകുന്നു. 1950-2015 കാലത്ത് ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും മുസ്ലിം -ക്രിസ്ത്യന്‍ ജനസംഖ്യ കൂടിയെന്നുമുള്ള കണക്കുകള്‍ തെരഞ്ഞെടുപ്പില്‍ ഉയരുന്ന ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ബിജെപിയുടെ ബുദ്ധി കേന്ദ്രങ്ങള്‍ തട്ടിക്കൂട്ടിയതാണെന്ന് കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും ആരോപിക്കുന്നു.
1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞെന്നാണ് കൗണ്‍സില്‍ അംഗം ഷമിക രവിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വര്‍ക്കിങ് പേപ്പറില്‍ പറയുന്നത്. മുസ്ലിം ജനസംഖ്യ 1950നെ അപേക്ഷിച്ച് 43.15 ശതമാനവും ക്രൈസ്തവര്‍ 5.38 ശതമാനവും സിഖുകാര്‍ 6.58 ശതമാനവും കൂടിയെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ജൈന, പാഴ്സി ജനസംഖ്യയും കുറഞ്ഞെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.2011നു ശേഷം രാജ്യത്ത് സെന്‍സസ് നടന്നിട്ടില്ല. അപ്പോള്‍ എങ്ങിനെയാണ് 2015ലെ കണക്കുകള്‍ കിട്ടുക എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ബിജെപിക്ക് വരുന്ന മൂന്ന് ഘട്ടം തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പ്രചാരണം നടത്താനുള്ള ആയുധം പ്രധാനമന്ത്രിയുടെ ഉപദേശക സമിതി തയ്യാറാക്കിക്കൊടുത്തതാണെന്നും ഇതില്‍ വസ്തുതകളില്ലെന്നും ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ പറയുന്നുണ്ട്. ഈ രംഗത്തെ വിദഗ്ധരില്‍ പലരും ഈ വര്‍ക്കിംഗ് റിപ്പോട്ടിന്റെ ആധികാരികതയെക്കുറിച്ചും സംശയമുന്നിയിച്ചിട്ടുണ്ട് .
2021ല്‍ നടക്കേണ്ട സെന്‍സസ് ഇതുവരെ നടത്തിയിട്ടില്ല. അതു ചെയ്യാതെ ജനശ്രദ്ധ തിരിച്ചുവിട്ടു തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ബിജെപി ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്. മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപിയുടെ പ്രചാരണം കൂടുതലായും വര്‍ഗീയധ്രുവീകരണത്തിലേക്ക് ഊന്നുകയാണെന്ന് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 1950 മുതല്‍ 2015 വരെയുള്ളത് എന്നവകാശപ്പെടുന്ന കണക്കുകള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ പുറത്തുവിട്ടതിന്റെ ഉദ്ദേശം കൃത്യമായ ധ്രുവീകരണം തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എത് വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഉപദേശകസംഘം ഇത്തരത്തിലൊരു വര്‍ക്കിംഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ആര്‍ക്കും അറിയില്ല.
കോണ്‍ഗ്രസ് ന്യുനപക്ഷപ്രീണനം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കാനാണ് ഈ റിപ്പോര്‍ട്ടുമായി ഇപ്പോള്‍ ബിജെപി പ്രചാരണം നടത്തുന്നതെന്ന് പ്രതിപക്ഷം പറയുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി മോദി ജനങ്ങള്‍ക്കായി എന്തുചെയ്തു എന്നതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടാണ് ജനങ്ങള്‍ക്ക് മുന്നില്‍ വയ്കേണ്ടത്. ഇത്തരം തട്ടിക്കൂട്ടു റിപ്പോര്‍ട്ടുകൾ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ മാത്രമുദ്ദേശിച്ചുള്ളതാണെന്നും ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളും പറയുന്നു. പത്ത് വര്‍ഷം ഭരിച്ചിട്ട് ജനക്ഷേമത്തിന് എന്ത് ചെയ്തുവെന്ന് പറയാന്‍ കഴിയാത്തത് കൊണ്ടാണ് വസ്തുപരമായി ശരിയല്ലാത്ത ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി പഴയ അജണ്ടകള്‍ പൊടിതട്ടിയെടുത്ത് ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. പ്രചാരണായുധങ്ങളില്‍ പെട്ടെന്ന് തന്നെ മാററം വരുത്താനും പുതിയവ തെരഞ്ഞെടപ്പ് വേദികളില്‍ പ്രയോഗിക്കാനും ബിജെപിയുടെ വിദഗ്ധ സംഘങ്ങള്‍ രാപ്പകല്‍ പണിയെടുക്കുകയുമാണ്. തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന്റെ സാംഗത്യമെന്താണെന്ന് സാമ്പത്തിക സാമൂഹ്യ രംഗത്തെ വിദഗ്ധർ പലരും ചോദിക്കുന്നുണ്ട്. ആഗോള അടിസ്ഥാനത്തില്‍ ജനസംഖ്യയില്‍ വരുന്ന മാറ്റത്തിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ മ്യാൻമർ, പാക്കിസ്ഥാന്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യാ നിരക്കിനെക്കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
റിപ്പോര്‍ട്ടിലെ വസ്തുകളെക്കുറിച്ച് പഠനമോ സംവാദമോ നടത്താന്‍ പറ്റിയ ഒരന്തരീക്ഷത്തിലല്ല ഇത് പുറത്ത് വന്നത് എന്നതാണ് മറ്റൊരു വസ്തുത. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക അതുവഴി ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സമൂഹത്തില്‍ ശക്തമായിരിക്കുന്ന ധ്രുവീകരണത്തിന്റെ ആഴവും പരപ്പും വര്‍ധിപ്പിക്കുക എന്നത് തന്നെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടവരുടെ ഉദ്ദേശമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാൻ കഴിയുന്ന എന്തും ബിജെപിയെ സംബന്ധിച്ചിടത്തോളം മികച്ച രാഷ്ട്രീയ ആയുധം തന്നെയായിരിക്കും. അവ എടുത്ത് പ്രയോഗിക്കുന്നതില്‍ ആ പാര്‍ട്ടി ഒരു മടിയും കാണിക്കുകയുമില്ല.