ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളാണ് ഈ ഘട്ടത്തിലുള്ളത്. ആകെ 17.7 കോടി വോട്ടർമാർ. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലും ഇതോടൊപ്പം ഇന്നു വോട്ടെടുപ്പു നടക്കും.
തെലങ്കാനയിലും ആന്ധ്രപ്രദേശിലും നാലാം ഘട്ടത്തിൽ ഇന്നാണ് വോട്ടെടുപ്പ്. ഇതോടെ ഈ മേഖലയിൽ വോട്ടെടുപ്പ് പൂർണമാകും. തെലങ്കാനയിൽ കോൺഗ്രസ് ഏറെ പ്രതീക്ഷ വയ്ക്കുന്നു. ബിആർഎസ് ദുർബലമായതോടെ ബിജെപി കൂടുതൽ വളർച്ച ലക്ഷ്യം വയ്ക്കുന്നു. ആന്ധ്രയിൽ ടിഡിപി സഖ്യംവഴി നില മെച്ചപ്പെടുത്താനാണു ബിജെപി ശ്രമം. ഇന്ന് മുതലുള്ള 4 ഘട്ടങ്ങളിലായാണ് ഒഡീഷയിൽ വോട്ടെടുപ്പ്. പോളിങ്ങിന്റെ 7 ഘട്ടങ്ങളിൽ മൂന്നേ പിന്നിട്ടിട്ടുള്ളൂവെങ്കിലും സീറ്റുകളുടെ എണ്ണം വച്ചുനോക്കിയാൽ പാതി പിന്നിട്ടു. 543 സീറ്റിൽ 283ൽ വോട്ടെടുപ്പ് കഴിഞ്ഞു. 16 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പു കഴിഞ്ഞു. അതേസമയം, എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പുള്ള യുപി, ബിഹാർ, ബംഗാൾ എന്നീ വലിയ സംസ്ഥാനങ്ങളിൽ മൂന്നിലൊന്നു സീറ്റുകളിൽ പോലും പോളിങ് കഴിഞ്ഞിട്ടുമില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കഴിഞ്ഞുപോയ ഘട്ടങ്ങൾ പോലെ ബിജെപിക്ക് എളുപ്പമല്ല ഇന്നുമുതലുള്ള ഘട്ടങ്ങളെന്നു കണക്കുകൾ വ്യക്തമാക്കുന്നു. പാർട്ടി 2019ൽ 50 ശതമാനത്തിലേറെ വോട്ടു നേടി വിജയിച്ച 224 സീറ്റുകളിൽ 135 എണ്ണം ആദ്യ 3 ഘട്ടങ്ങളിലായി കഴിഞ്ഞു. ഇന്നു മുതലുള്ള 4 ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന 260 മണ്ഡലങ്ങളിൽ 89 എണ്ണമേ ഈ ഗണത്തിൽ വരുന്നുള്ളൂ.
കഴിഞ്ഞതവണ നേട്ടമുണ്ടാക്കിയ കർണാടക, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിലും ഇക്കുറി കാര്യങ്ങൾ അത്ര പന്തിയല്ല. മഹാരാഷ്ട്രയിൽ ഇന്നു നാലാം ഘട്ടത്തിൽ 11 സീറ്റുകളിലും 20നd അഞ്ചാം ഘട്ടത്തിൽ 13 സീറ്റുകളിലേക്കുമാണു മത്സരം. കഴിഞ്ഞതവണ ഈ 24 സീറ്റുകളിൽ പതിനൊന്നിലും 50 ശതമാനത്തിലേറെ വോട്ട് നേടിയായിരുന്നു ബിജെപിയുടെ വിജയം. പ്രാദേശിക വിഷയങ്ങളും മറാഠാ സംവരണവുമെല്ലാം ഏറെ ചർച്ചയാകുന്നതിനാൽ ഇത്തവണ ഇവിടെയെല്ലാം പോരാട്ടം കനക്കുന്നു.
ഡൽഹിയിൽ ഏഴിടത്ത് 2019ൽ ബിജെപി 50 ശതമാനത്തിലറെ വോട്ട് നേടിയിരുന്നു. ഹരിയാനയിൽ 10 സീറ്റിൽ ഒൻപതും ഈ ഗണത്തിലായിരുന്നു. അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും ജാമ്യവുമെല്ലാം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചാൽ ഡൽഹിയിൽ അട്ടിമറി സംഭവിക്കും. ഹരിയാനയിൽ കൃഷിനിയമങ്ങളും അഗ്നിപഥ് പദ്ധതിയുമുൾപ്പെടെ ഒന്നിലേറെ പ്രതികൂല ഘടകങ്ങളുണ്ട്. സംസ്ഥാന സർക്കാരും പ്രതിസന്ധിയിലാണ്.
അതേസമയം, വോട്ട് കുറഞ്ഞാലും വിജയം ആവർത്തിക്കാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. യുപി, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ സംസ്ഥാനങ്ങളിൽ 2019ലെ സീറ്റ് നില നിലനിർത്താനാണു ശ്രമം. ജനവികാരം എതിരാക്കുന്ന തൊഴിലില്ലായ്മ മുതൽ സംസ്ഥാന ബിജെപി സർക്കാരുകളുടെ പാളിച്ചകൾ വരെയുള്ള ഘടകങ്ങളെ നേരിടുകയെന്നതാണു വെല്ലുവിളി.