കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. സ്വന്തം തട്ടകത്തില്‍ അവര്‍ 18 റണ്‍സിനു മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി. മഴയെ തുടര്‍ന്നു 16 ഓവര്‍ ആക്കി ചുരുക്കിയ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മുംബൈയുടെ പോരാട്ടം 16 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ അവസാനിച്ചു.
മുംബൈ പ്ലേ ഓഫ് കടമ്പ കടക്കാതെ നേരത്തെ പുറത്തായതിനാല്‍ അവരെ സംബന്ധിച്ചു ഫലം പ്രസക്തമല്ല. 13 കളിയില്‍ ടീമിന്റെ ഒന്‍പതാം തോല്‍വിയാണിത്. സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി കൊല്‍ക്കത്ത മാറി. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ച ബൗളിങാണ് മുംബൈയെ കുഴക്കിയത്. മുംബൈ നിരയില്‍ 22 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 40 റണ്‍സെടുത്ത ഇഷാന് കിഷന് ടോപ് സ്കോററായി.17 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 32 റണ്‍സെടുത്ത തിലക് വര്‍മയാണ് പിടിച്ചു നിന്ന മറ്റൊരു താരം. ആറ് പന്തില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം 17 റണ്‍സെടുത്തു നമാന്‍ ധിറും വെടിക്കെട്ട് പുറത്തെടുത്തെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അതു മതിയായില്ല. മറ്റൊരാളും കാര്യമായി തിളങ്ങിയതുമില്ല.ഹര്‍ഷിത് റാണ, ആന്ദ്രെ റസ്സല്‍ എന്നിവരും രണ്ട് വീതം വിക്കറ്റെടുത്തു. സുനില്‍ നരെയ്ന് ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം തന്നെ അവര്‍ പതറി. മൂന്നാമായി ക്രീസിലെത്തിയ വെങ്കടേഷ് അയ്യര്‍ 21 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതം 42 റണ്‍സ് വാരിയ വെങ്കടേഷ് അയ്യര്‍ ടീമിന്റെ ടോപ് സ്കോററായി.ഇംപാക്ട് പ്ലയറായി ഇറങ്ങിയ നിതീഷ് റാണയും തിളങ്ങി. താരം നാല് ഫോറും ഒരു സിക്സും സഹിതം 33 റണ്‍സെുത്തു. ആന്ദ്രെ റസ്സല്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 14 പന്തില്‍ 24 റണ്‍സും റിങ്കു സിങ് രണ്ട് സിക്സുകള്‍ സഹിതം 12 പന്തില്‍ 20 റണ്‍സും കണ്ടെത്തി സ്കോറിലേക്ക് സംഭാവന നല്കി. ഓരോ സിക്സും ഫോറും സഹിതം 8 പന്തില്‍ 17 റണ്‍സെടുത്തു രമണ്‍ദീപ് സിങ് സ്കോര്‍ 150 കടത്തി. മുംബൈ നിരയില്‍ പിയൂഴ് ചൗള, ജസ്പ്രിത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. അന്‍ഷുല്‍ കാംബോജ് ഒരു വിക്കറ്റെടുത്തു.