ലണ്ടൻ: ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന ഹോം സീസണിനൊടുവിൽ നാൽപ്പത്തൊന്നുകാരൻ വിരമിക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സീസണിൽ വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്ക്കും എതിരെയാണ് ഇംഗ്ലണ്ടിന് ഹോം ടെസ്റ്റ് സീരീസുകൾ ഉള്ളത്. അതിലൊന്ന് ആൻഡേഴ്സന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ ആണ്. ഇതാകും ഇംഗ്ളീഷ് പേസറുടെ വിരമിക്കൽ മത്സരമെന്നാണ് ഇംഗ്ളീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുവതലമുറക്ക് അവസരം നൽകണമെന്ന കോച്ച് ബ്രെണ്ടൻ മക്കല്ലത്തിൻറെ അഭ്യർത്ഥനയെത്തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ഈ വർഷമാദ്യം നടന്ന ഇന്ത്യൻ പര്യടനത്തിൽ ടെസ്റ്റിൽ 700 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറെന്ന നേട്ടം താരം സ്വന്തമാക്കിയിരുന്നു. ശ്രീലങ്കയുടെ ഇതിഹാസതാരം മുത്തയ്യ മുരളീധരൻ (800), ഓസീസിന്റെ എക്കാലത്തെയും മികച്ച സ്പിന്നർ ഷെയ്ൻ വോൺ (708) എന്നിവരാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ. നിലവിൽ കളിക്കുന്നവരിൽ ആരും ആൻഡേഴ്സന്റെ അരികിലില്ല. ഓസ്ട്രേലിയയുടെ നതാൻ ല്യോണാണ് (527) നിലവിൽ കളിക്കുന്നവരിൽ ഇംഗ്ലീഷുകാരനുപിന്നിൽ. ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ചവരിൽ രണ്ടാമതാണ്. 200 ടെസ്റ്റ് കളിച്ച സച്ചിൻ ടെൻഡുൽക്കറാണ് ഒന്നാമത്. 2002 മേയിൽ ലോർഡ്സിൽ ഇംഗ്ലണ്ടിനായി അരങ്ങേറിയ ആൻഡേഴ്സൺ 187 ടെസ്റ്റിൽ നിന്ന് 700 വിക്കറ്റുകളും 194 ഏകദിനങ്ങളിൽ നിന്ന് 269 വിക്കറ്റുകളും 19 ടി20 മത്സരങ്ങളിൽ നിന്നായി 18 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.