കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ലെന്നും പരിമിതികളുണ്ടെന്നും ഹൈക്കോടതി. കൊടകര ഹവാല കേസില്‍ നടപടികള്‍ വൈകിപ്പിക്കുന്നതു ചോദ്യം ചെയ്തു നല്കിയ ഹര്‍ജിയിലാണു ഡിവിഷന് ബെഞ്ചിന്റെ പരാമര്‍ശം.അന്തിമ റിപ്പോര്‍ട്ട് നല്കി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇഡി നടപടികള്‍ വൈകിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്റെ ഹര്‍ജി.
ഫെമ, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) എന്നിവ പ്രകാരമാണ് ഇഡി അന്വേഷണം നടത്തുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു ശേഷമാണു ബന്ധപ്പെട്ട കുറ്റകൃത്യത്തില്‍ ഇ.ഡി അന്വേഷണം നടത്തുന്നത്. കുറ്റകരമായ മാര്‍ഗത്തിലൂടെ ഉണ്ടാക്കിയ പണം സര്‍ക്കാരിലേക്കു കണ്ടുകെട്ടുക എന്നതാണു പിഎംഎല്‍എയിലൂടെ ഇ.ഡി ചെയ്യുന്നതെതെന്നു കോടതി പറഞ്ഞു. ഹര്‍ജി ജസ്റ്റിസ് പി.ഗോപിനാഥ്, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിധി പറയാന്‍ മാറ്റി.ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദമാണ് ഇഡി കോടതിയില്‍ ഉന്നയിച്ചത്. അന്വേഷണ ഏജന്‍സി എന്ന നിലയില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ നടപടികളിലേക്കു കടക്കാനാവൂ എന്നും ഇഡി അറിയിച്ചു.