ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ വ്യവസ്ഥയാണ് ഇന്ത്യന്‍ ജനാധിപത്യം. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന ഇലക്ഷനുകളിൽ ജനങ്ങള്‍ക്ക് അവരുടെ നേതാക്കളെ തെരെഞ്ഞെടുക്കാന്‍ അവസരം നല്കുന്നു. ജനവിധികളെ അട്ടിമറിക്കാന്‍ കഴിയാത്ത വിധം ഭരണഘടന അതിന് വലിയ സംരക്ഷണ കവചമൊരുക്കുന്നുവെന്നതും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്താണ്. എന്നാല്‍ അതോടൊപ്പം തന്നെ പ്രസ്തുത സംവിധാനത്തെ സ്വയം ദുര്‍ബലപ്പെടുത്തുന്ന ചില ഘടകങ്ങളും അതിനുള്ളില്‍ തന്നെയുണ്ട്. ഇന്ത്യയില്‍ ജനാധിപത്യം അതിന്റെ എല്ലാ ശക്തിയോടെയും തെളിച്ചത്തോടെയും നിലനില്‍ക്കുന്നത് കൃത്യമായ ഇടവേളകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലൂടെയാണെന്ന് പറഞ്ഞല്ലോ. തെരഞ്ഞെടുപ്പുകളെ ജനാധിപത്യത്തിന്റെ ഉല്‍സവമെന്ന് വിളിക്കുമ്പോഴും അത് പലപ്പോഴും ജനവിരുദ്ധവുമാകാറുണ്ട്. പലപ്പോഴും ജനങ്ങളെ നിസഹായരാക്കിക്കൊണ്ടാണ് ജനാധിപത്യത്തിന്റെ ഉല്സവങ്ങള് ആടിത്തിമിര്ക്കാറുള്ളത്.
ഇന്ത്യയില്‍ ഒരു രാഷ്ട്രീയ നേതാവ് രണ്ട് മണ്ഡലങ്ങളിലേക്ക് ഒരേ സമയം മല്‍സരിക്കുന്നതും രണ്ടിടത്തും ജയിച്ചാൽ ഒരെണ്ണം ഉപേക്ഷിക്കുന്നതും ജനാധിപത്യത്തില്‍ നമ്മള് കാണുന്ന ഐറണികളിലൊന്നാണ്. നിയമസഭയില്‍ അംഗമായിരിക്കുന്നയാള് പാര്‍ലമെന്റിലേക്കും എംപിമാർ നിയമസഭയിലേക്കുമൊക്കെ മല്‍സരിക്കുന്നത് സര്‍വ്വ സാധാരണമാണ്. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതിന് പിന്നാലേ വീണ്ടും ഉപതെരഞ്ഞെടുപ്പ്. ഒരുപക്ഷെ എല്ലാ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളും ഇത്തരത്തില്‍ ജനാധിപത്യത്തിന്റെ പഴുതുകള്‍ തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ സൗകര്യങ്ങള്‍ക്കായി യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഉപയോഗിക്കാറുമുണ്ട്. ഒരര്‍ത്ഥത്തില്‍ ജനാധിപത്യത്തിലെ നായകരായ ജനങ്ങളെ ഇത്തരം രീതികളിലൂടെ രാഷ്ട്രീയക്കാർ അവഹേളിക്കുകയാണ് എന്ന് പറയേണ്ടി വരും.
എല്ലാ മാസവും തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് പറയാറുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിന് 1.35 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ലോകത്തിലെ ഏറ്റവും ചിലവേറിയ തെരഞ്ഞെടുപ്പാണ് ഇത്. അറുപതിനായിരം കോടിയാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിനായി ചെലവാക്കിയത്. അതിന്റെ ഇരട്ടിയാണ് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പിന് ചെലവാക്കുന്നത്. ഈ തെരഞ്ഞെടുപ്പിന് ശേഷം എത്ര ഉപതെരഞ്ഞെടുപ്പുകള്‍ ഇന്ത്യയില്‍ നടക്കും എന്ന ചോദ്യമാണ് ഉയരുന്നത്. ഓരോ ഉപതെരഞ്ഞെടുപ്പിനും വീണ്ടും കോടികള്‍ മുടക്കണം. 1.35 ലക്ഷം കോടിരൂപ ജനങ്ങളുടെ പോക്കറ്റില്‍ നിന്നെടുത്ത് ഒരു തെരഞ്ഞെടുപ്പ് മാമാങ്കം നടത്തിയതിന് ശേഷം വീണ്ടും അവരുടെ പോക്കറ്റില്‍ കയ്യിടുകയാണ്. അവരുടേതല്ലാത്ത കാരണത്താൽ ഉണ്ടായ അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനാണ് ഈ അധികച്ചെലവ്. ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യം പരാജയപ്പെടുന്നത്.
ഒരു വ്യക്തി ഒരു ഇലക്ഷനിൽ ഒന്നില്‍ക്കൂടുതല്‍ മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥിയാവുന്നതും ഒരു നിയമനിര്‍മാണസഭയില്‍ അംഗമായിരിക്കുമ്പോൾ തന്നെ മറ്റൊരു സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ഒരു സാധാരണകാര്യമാണെന്ന് തോന്നുമെങ്കിലും പൊതുഖജനാവില്‍ നിന്നും കോടിക്കണക്കിന് രൂപ വെറുതെ ധൂര്‍ത്തടിക്കുന്ന പരിപാടിയാണ്. അനാവശ്യമായി ഒരു ഉപതെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് മാത്രമല്ല ആ വ്യക്തിയെ തെരഞ്ഞെടുത്ത മണ്ഡലങ്ങളിലെ ജനങ്ങളളെ വിഡ്ഡികളാക്കുകയുമാണ് ചെയ്യുന്നത്. റായ്ബറേലിയില്‍ ജയിക്കുന്ന രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ചാല്‍ അതിനര്‍ത്ഥം അദ്ദേഹത്തിന് വോട്ടുചെയ്ത വയനാട്ടിലെ ജനങ്ങളെ അവഹേളിക്കുകയാണെന്നാണ്. ആറ് മാസത്തിനുള്ളിൽ വീണ്ടും വയനാട്ടിലെ ജനങ്ങള്‍ മറ്റൊരു ജനപ്രതിനിധിയെ തങ്ങള്‍ക്കായി തെരഞ്ഞെടുക്കേണ്ടി വരും. വീണ്ടും ക്യു നിന്നു ജനങ്ങള്‍ വോട്ടു ചെയ്യണം. അതിനായി പൊടിക്കേണ്ടത് ജനങ്ങളുടെ പണവും.
1996 വരെ ഒരാൾക്ക് എത്ര ലോക്സഭാ- നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ഒരേ സമയം മല്സരിക്കാമായിരുന്നു. ജയിച്ചു കഴിഞ്ഞാല്‍ പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ ജയിച്ച മണ്ഡലങ്ങളില്‍ ഒരെണ്ണം നിലനിര്‍ത്തി ബാക്കിയുള്ളത് ഉപേക്ഷിക്കണം. അങ്ങിനെ ചെയ്തില്ലെങ്കില്‍ അയാളുടെ തെരഞ്ഞെടുപ്പുകളെല്ലാം അസാധുവാകും. ഇന്ത്യന്‍ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് ഒരേ സമയം ഒരു നിയോജക മണ്ഡലത്തെ മാത്രമേ നിയമനിര്‍മാണ സഭകളിൽ പ്രതിനിധീകരിക്കാന്‍ കഴിയുകയുള്ളു.1996 ലാണ് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 33 ഭേദഗതി ചെയ്തുകൊണ്ട് ഒരാള്‍ പരമാവധി രണ്ട് മണ്ഡലങ്ങളില്‍ മാത്രമേ മല്‍സിക്കാന്‍ പാടുള്ളു എന്ന നിയമം കൊണ്ടുവന്നത്. അതോടെയാണ് നാലും അഞ്ചും മണ്ഡലങ്ങളില്‍ ഒരേ സമയം മല്‍സരിക്കുന്ന രീതിക്കൊരവസാനമുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 2014ലെ തന്റെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും ഒരേ സമയം മല്‍സരിച്ചു. രണ്ടിടത്തും വന്‍ വിജയം നേടി. വാരണാസി സീറ്റ് നിലനിര്‍ത്തിക്കൊണ്ട് വഡോദര അദ്ദേഹം ഉപേക്ഷിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാകട്ടെ 2019ല്‍ സിറ്റിംഗ് സീറ്റായ അമേത്തിയിലും വയനാട്ടിലും മല്‍സരിച്ചു. വയനാട്ടില്‍ വിജയിക്കുകയും അമേത്തിയില്‍ തോല്‍ക്കുകയും ചെയ്തു. ഇത്തവണ വയനാട്ടില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ശേഷം റായ്ബറേലിയിലും രാഹുല്‍ മല്‍സരിക്കുകയാണ്. അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉപേക്ഷിക്കപ്പെടുക വയനാട് ആയിരിക്കും.
1957ല്‍ ജനസംഘം നേതാവും പിന്നീട് പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്പേയ് മൂന്ന് മണ്ഡലങ്ങളിലാണ് ഒരേ സമയം മല്‍സരിച്ചത്. ഉത്തര്‍പ്രദേശിലെ മഥുര, ലക്നോ, ബല്റാംപൂര് എന്നീ മണ്ഡലങ്ങളിലാണ് വാജ്പേയ് സ്ഥാനാർത്ഥിയായത്. എന്നാല്‍ ബല്‍റാംപൂരില്‍ മാത്രമാണ് അദ്ദേഹത്തിന് ജയിക്കാന്‍ കഴിഞ്ഞത്. 1962, 91, 96 എന്നീ വർഷങ്ങളിൽ വാജ്പേയ് രണ്ടു മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടി.
രാഹുല്‍ ഗാന്ധി മാത്രമല്ല അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയും ഒരേ സമയം രണ്ടുമണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുകയും ജയിച്ചു കഴിഞ്ഞപ്പോള്‍ ഒരെണ്ണം ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 1999ല്‍ റായ്ബറേലിയിലും നിന്നും അമേത്തിയില്‍ നിന്നും ജനവിധി തേടിയ അവര്‍ രണ്ടിടത്തും ജയിച്ചു കഴിഞ്ഞപ്പോള്‍ അമേത്തി ഉപേക്ഷിച്ചു. എല്‍കെ അദ്വാനി, ലാലു പ്രസാദ് യാദവ്, മുലായം സിംഗ് യാദവ്, നവീന്‍ പട്നായിക് തുടങ്ങിയ നേതാക്കളും രണ്ട് മണ്ഡലങ്ങളില്‍ നിന്നും ഒരേ സമയം ലോക്സഭയിലേക്ക് മല്‍സരിക്കുകയും രണ്ടിടത്തും ജയിച്ചത് കൊണ്ട് ഒരു മണ്ഡലം ഉപേക്ഷിച്ച് അവിടുത്തെ ജനങ്ങളെ ഉപതെരഞ്ഞെടുപ്പിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്.
നിയമസഭയിലേക്ക് ഒരേസമയം ഒന്നിലധികം മണ്ഡലങ്ങളിലേക്ക് മല്‍സരിക്കുന്ന പരിപാടി ഏറ്റവും ഊര്‍ജ്ജ്വസ്വലമായി നടപ്പാക്കിയത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ടി രാമറാവുവാണ്. നാല് നിയോജകമണ്ഡലങ്ങളില്‍ വരെ അദ്ദേഹം ഒരേ സമയം മല്‍സരിച്ചിട്ടുണ്ട്. കേരളത്തില്‍ 1987ല്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് സിറ്റിംഗ് സീറ്റായ മാളക്ക് പുറമെ നേമത്തും മല്‍സരിച്ചു. രണ്ടിടത്തും ജയിച്ച അദ്ദേഹം നേമം ഉപേക്ഷിക്കുകയും ഉപതെരഞ്ഞെടുപ്പില്‍ അത് കോണ്‍ഗ്രസിന് നഷ്ടപ്പെടുകയും ചെയ്തു. 1971ല്‍ ഒറീസ മുഖ്യമന്ത്രിയായിരുന്ന ബിജു പട്നായിക് നാല് നിയോജകമണ്ഡലങ്ങളില്‍ നിന്നും മല്‍സരിക്കുകയും നാലിലും വിജയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകന് നവീന്‍ പട്നായിക്കും രണ്ടു മണ്ഡലങ്ങളില്‍ നിന്നും ഒരേ സമയം മല്‍സരിച്ചിട്ടുണ്ട്. മുന്‍ ഉപപ്രധാനമന്ത്രി ദേവിലാല്‍, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവരൊക്കെ ഒരേ സമയം രണ്ടുമണ്ഡലങ്ങളില്‍ നിന്നും മല്‍സരിക്കുകയും അവയിലെല്ലാം ജയിക്കുകയും ചെയ്തവരാണ്. എന്തിന് യാതൊരു വിജയപ്രതീക്ഷയുമില്ലാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പോലും കോന്നിയിലും മഞ്ചേശ്വരത്തും മല്‍സരിച്ച് കൊണ്ട് രണ്ടിടത്തും തോല്‍ക്കുന്നത് നമ്മള് കണ്ടതാണ്.
‘ഒരു വ്യക്തി ഏതെങ്കിലും ഒരു സ്ഥാനത്തേക്ക് വരേണ്ടത് അനിവാര്യമാണെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് തോന്നിയാല്‍ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്, അതിന് നിയമപരമായോ ഭരണഘടനാപരമായോ യാതൊരു തെറ്റുമില്ല. അങ്ങനെ മല്‍സരിപ്പിക്കണോ വേണ്ടയോ എന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ധാർമികതക്ക് വിട്ടുകൊടുക്കേണ്ടതാണ്’ പ്രമുഖ ഭരണഘടനാ വിദഗ്ധനും ലോക്സഭാ മുന്‍ സെക്രട്ടറി ജനറലുമായ ടിഡിപി ആചാരി പറയുന്നു. നിയമവിദദ്ധനും പാര്‍ലമെന്റംഗവുമായിരുന്ന ഡോ സെബാസ്റ്റ്യൻ പോളിനും ഇതേ അഭിപ്രായമാണ്. ‘നിയമസഭയില്‍ അംഗമായിരിക്കുന്നയാള് പാര്‍ലമെന്റിലേക്കോ തിരിച്ചോ മല്‍സരിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തില്‍ ഒരു അയോഗ്യതയായി പറയുന്നില്ല, അയോഗ്യതയായി കാണാത്തിടത്തോളം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അക്കാര്യത്തില്‍ ഇഷ്ടമുള്ളത് തീരുമാനിക്കാം’ ഡോ സെബാസ്റ്റ്യൻ പോള്‍ പറയുന്നു.
രാഷ്ട്രീയപാര്‍ട്ടികളുടെ ധാര്‍മ്മികതയുടെ വിഷയം മാത്രമാണ് ഇതെന്നാണ് ഭരണഘടനാ വിദഗ്ധരെല്ലാം പറയുന്നത്. ധാര്‍മ്മികത എന്നത് രാഷ്ട്രീയപാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഒരു എടുക്കാച്ചരക്കാണ്. തെരെഞ്ഞെടുപ്പുകള്‍ വിജയിക്കാനുള്ളതാണെന്നാണ് ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളുടെയും സംയുക്ത മുദ്രാവാക്യം. അതിനാവശ്യമായ എന്ത് തീരുമാനം എടുക്കാനും അവര്‍ക്ക് കഴിയുകയും ചെയ്യും. കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ നേതാക്കള്ക്കെല്ലാമുള്ള ഒരു സവിശേഷ ഗുണമാണ് തങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങളില്‍ ഒരുമിച്ച് നില്ക്കുക എന്നത്. എംഎല്‍എ പാര്‍ലമെന്റംഗമാകാന്‍ മല്‍സരിക്കേണ്ടതില്ലെന്നും രണ്ട് മണ്ഡലങ്ങളിൽ ഒരേസമയം സ്ഥാനാർഥിയാകരുതെന്നും വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിനായി കോടികള്‍ മുടക്കേണ്ടതില്ലന്നും തീരുമാനിക്കാനും അത് നിയമമാക്കാനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കേ കഴിയൂ. എന്നാല്‍ അവര്‍ ഒരിക്കലും അതു ചെയ്യുകയില്ല. കാരണം തെരഞ്ഞെടുപ്പുകള്‍ ഒരു ‘ മാര്യേജ് ഓഫ് കണ്‍വീനിയന്‍സ്’ ആണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും.