തിരുവനന്തപുരം: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. കൊതുകു ജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പനിയടക്കം രോഗ ലക്ഷണം ഉള്ളവര്‍ വൈകാതെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി. ജപ്പാന് ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്റ്റ് നൈല്‍ പനിക്കും ഉള്ളതെങ്കിലും അപകട സാധ്യത താരതമ്യേന കുറവാണ് . അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
സ്ഥിരീകരിച്ചത് പത്തുപേര്‍ക്ക്
സംസ്ഥാനത്ത് 10 പേര്‍ക്കാണ് വെസ്റ്റ്നൈല്‍ പനി സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പേര് കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിയവേ മരിച്ച രണ്ടു പേരുടെ മരണം ഈ രോഗം മൂലമാണെന്ന സംശയം ഉണ്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങള്‍ കാണിച്ചവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ (വിആര്‍ഡിഎല്‍) പരിശോധിച്ചപ്പോഴാണ് രോഗം വെസ്റ്റ്നൈല്‍ ഫീവറാണെന്നു തിരിച്ചറിഞ്ഞത്. പിന്നീട് സ്രവങ്ങള്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച് സ്ഥിരീകരിക്കുകയുമായിരുന്നു.
പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുകു മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകാരിയാകുക.
എന്താണ് വെസ്റ്റ് നൈല്‍ പനി?, ലക്ഷണങ്ങള്‍ എന്തൊക്കെ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊതുക് വഴി മനുഷ്യനിലെത്തുന്ന മാരണകാരിയായ വൈറസ് പടര്‍ത്തുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. ക്യൂലക്സ് പിപ്പിന്‍സ് കൊതുകുകളാണ് പ്രധാനമായും രോഗം പടത്തുന്നത്. 1937ല്‍ ആഫ്രിക്കയിലെ ഉഗാണ്ടയിലായിരുന്നു ഇത് ആദ്യമായി കണ്ടെത്തിയത്. സഞ്ചാരികളിലൂടെയായിരിക്കാം ഇത് മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നതെന്ന് പ്രതീക്ഷിക്കുന്നു.
അണുബാധയുള്ള പക്ഷികളില്‍ നിന്നും കൊതുകുകള്‍ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരോട് ഏറ്റവും അടുത്ത് ഇടപെഴകുന്ന കാക്ക ഉള്‍പ്പെടെ 200 ഇനം പക്ഷികള്‍ രോഗവാഹിനികളാണ്. ജീവനുള്ള പക്ഷികളില്‍ നിന്നാണോ ചത്തവയില്‍ നിന്നാണോ വൈറസ് പകരുന്നതെന്നതിനെക്കുറിച്ച് ഇതുവരെയും വ്യക്തമായ അറിവുകളൊന്നും ലഭിച്ചിട്ടില്ല.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം. മനുഷ്യന്റെ പ്രതിരോധാവസ്ഥയെ കടന്നാക്രമിക്കുന്ന വെസ്റ്റ് നൈല്‍ വൈറസ് മരണകാരിയാണെന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.
തലവേദന, പനി, പേശിവേദന, ശരീരത്തില്‍ തടിപ്പ്, ഛര്‍ദ്ദി, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. 20%ത്തോളം പേര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. ചിലരില്‍ വിഷാദരോഗമായും വെസ്റ്റ് നൈല്‍ രോഗലക്ഷണങ്ങള്‍ കാണാം.