ശോഭാ സുരേന്ദ്രനും അനില്‍ ആന്റണിക്കും എതിരെയുള്ള ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കേരള ബിജെപിയിലെ ഒരു വിഭാഗമാണെന്ന സൂചനകള്‍ പുറത്ത് വന്നതോടെ തെരഞ്ഞെടുപ്പിന് ശേഷം കടുത്ത നടപടികളിലേക്ക് പോകാന്‍ കേന്ദ്രനേതൃത്വം തയ്യാറെടുക്കുന്നു. ദല്ലാള്‍ നന്ദകുമാറിനെ രംഗത്തിറക്കിയതിന് പിന്നില്‍ ബിജെപി കേരള ഘടകത്തിലെ പ്രബല വിഭാഗമാണെന്ന് കേന്ദ്ര നേതൃത്വത്തിന് കൃത്യമായ വിവരം കിട്ടിയിട്ടുണ്ട്. ജയിച്ചില്ലെങ്കിൽപ്പോലും രാജ്യത്തെ ക്രൈസ്തവരെ പാട്ടിലാക്കുന്നതിന്റെ ഭാഗമായി അനില്‍ ആന്റണി കേന്ദ്രമന്ത്രിയാകാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. അതോടൊപ്പം ശോഭാ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങളും സജീവമായിരുന്നു. ഈ രണ്ട് നീക്കങ്ങളെയും തകര്‍ക്കാനാണ് സംസ്ഥാന നേതൃത്വത്തിലെ ശക്തമായ വിഭാഗം ദല്ലാള്‍ നന്ദകുമാറിനെ ഉപയോഗിച്ച് ഇരുനേതാക്കളെയും അപകീർത്തിപ്പെടുത്തിയതെന്ന് ബിജെപി കേന്ദ്രനേതൃത്വം കരുതുന്നു.
കേന്ദ്രമന്ത്രിസ്ഥാനം ഒഴിയുന്ന വി മുരളീധരന് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ആറ്റിങ്ങലില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മല്‍സരിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതിയെന്നറിയുന്നു. വി മുരളീധരനും കെ സുരേന്ദ്രനും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിച്ച് ശോഭാ സുരേന്ദ്രന് പലതവണ കേന്ദ്രനേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. ഈ പരാതികളെല്ലാം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.
ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ ശോഭയിലും അനില്‍ ആന്റണിയിലും മാത്രമായി കേന്ദ്രീകരിച്ചപ്പോള്‍ തന്നെ സംശയങ്ങളുയര്‍ന്നിരുന്നു. തനിക്കെതിരെയുള്ള നീക്കം മനസിലാക്കി ശോഭാ സുരേന്ദ്രന് തന്ത്രപരമായി ഇതെല്ലാം ഇപി ജയരാജനിലേക്ക് തിരിച്ചുവിടുകയും ചെയ്തു. അതോടെ പ്രകാശ് ജാദവേക്കർ കേരളത്തില്‍ രഹസ്യമായി നടത്തിയ പല ഓപ്പറേഷനുകളും പുറത്താവുകയും ചെയ്തു. ജാദവേക്കർ സ്വന്തം നിലക്ക് നടത്തിയ ഇത്തരം നീക്കങ്ങളോട് പാർട്ടിയുടെ സംസ്ഥാനനേതൃത്വത്തിന് യാതൊരു താല്‍പ്പര്യവുമില്ലായിരുന്നു. തങ്ങളെ വിശ്വാസത്തിലെടുക്കാതെ നടത്തുന്ന ഈ രഹസ്യനീക്കങ്ങളോട് കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന. പ്രകാശ് ജാദവേക്കറുടെ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം ഒരു പറ്റം ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായി എന്ന് കേന്ദ്ര നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.
ശോഭാ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്പര്യപ്പെടുന്ന നിരവധി ബിജെപി നേതാക്കള്‍ക്ക് അത് വിലങ്ങുതടിയാകുമെന്ന് ബിജെപിക്കുള്ളില്‍ സംസാരമുണ്ട്. ശോഭാ വിരുദ്ധരായ നേതാക്കളാകട്ടെ ഈ വനിതാ നേതാവ് നടത്തിയ ചില പണമിടപാടുകളുടെ രേഖകളടക്കം കേന്ദ്രനേതൃത്വത്തിന് നേരത്തെ നല്‍കിയിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ രഹസ്യമായി പറയുന്നത്. തല്ക്കാലം അതില്‍ നടപടിയൊന്നും വേണ്ടാ എന്നാണ് കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.
കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ വിശ്വാസ്യതയുള്ള നേതാക്കളില്ലെന്നതാണ് ദേശീയനേതൃത്വത്തെ വിഷമിപ്പിക്കുന്നത്. അതുകൊണ്ട് ആരെയും ആശ്രയിക്കാനും ചുമതലകള്‍ കൈമാറാനും കഴിയുന്നില്ല. നേതാക്കള്‍ പരസ്പരം കുറ്റാരോപണങ്ങളുമായി നിരന്തരം കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയാണ്. നിരവധി നേതാക്കളെ കേരളത്തിലെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ നിയോഗിച്ചെങ്കിലും ആര്‍ക്കും അതിന് കഴിഞ്ഞില്ല. ആര്‍എസ്എസ് നേതൃത്വമാകട്ടെ ഇതിലൊന്നും തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞു കൈകഴുകി മാറി നില്‍ക്കുകയാണ്. വളരെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ ബിജെപി കേന്ദ്ര നേതൃത്വം കണ്ടിരുന്നത്. എന്നാല്‍ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ ആ പ്രതീക്ഷക്ക് മേല്‍ വലിയ മങ്ങലേല്‍പ്പിച്ചു. അനില്‍ ആന്റണിയും ശോഭാ സുരേന്ദ്രനും ചേർന്നുള്ള കോംബോ കേരളത്തില്‍ ബിജെപിയെ നയിക്കാന്‍ ശേഷിയുള്ളതായാണ് കേന്ദ്ര നേതൃത്വം വീക്ഷിച്ചിരുന്നത്. കൃത്യമായി അവര്‍ക്കെതിരെ തന്നെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് തന്നെയാണ് ബിജെപി നേതൃത്വം വിശ്വസിക്കുന്നത്.
വോട്ടെണ്ണൽ കഴിയുന്നതോടെ ഈ വിഷയത്തില്‍ വ്യക്തമായ ചില നീക്കങ്ങള്‍ ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നുറപ്പായിക്കഴിഞ്ഞു. കേരളത്തിലെ ബിജെപിയില്‍ വലിയ അഴിച്ചുപണിയുണ്ടാകുമെന്നും സൂചനയുണ്ട്. ഒരു എംഎല്‍എ പോലുമില്ലെങ്കിലും ഗ്രൂപ്പ് വഴക്കില്‍ മറ്റെല്ലാ പാര്‍ട്ടികളെയും കടത്തിവെട്ടുന്ന കേരളത്തിലെ ബിജെപി നേതൃത്വത്തോട് കടുത്ത അസംതൃപ്തി തന്നെ ബിജെപി ദേശീയ നേതൃത്വത്തിന് ഉണ്ടെന്നുള്ളതും സത്യമാണ്.