ദേവഗൗഡയുടെ പാര്‍ട്ടിയായ ജനതാദള്‍ സെക്കുലറുമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ബിജെപി സഖ്യമുണ്ടാക്കിയത് മോദിയും അമിത് ഷായും നേരിട്ട് ഇടപെട്ടുകൊണ്ടായിരുന്നു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി കൂടുതല്‍ സീറ്റുകള്‍ നേടണമെങ്കില്‍ ദേവഗൗഡയുടെ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതാണ് നല്ലതെന്ന് ബിജെപി ബുദ്ധികേന്ദ്രങ്ങള്‍ കരുതി. അതൊരു മികച്ച തന്ത്രവുമായിരുന്നു. കൊഴിഞ്ഞു പോകുന്ന ഗൗഡാപാര്ട്ടിയിലെ നേതാക്കളെയും അണികളെയും ബിജെപിയിലെത്തിക്കാനുള്ള നീക്കമായിരുന്നു ഈ സഖ്യം. എന്നാല്‍ ഹാസന് എംപിയും നിലവില്‍ അവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും സര്‍വ്വോപരി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണ പകര്‍ത്തിയതായി പറയുന്ന സ്വന്തം സ്ത്രീപീഡനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരികയും അത് കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റാവുകയും ചെയ്തതോടെ ജെഡിഎസിനെ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന നിലയിലായി ബിജെപിക്ക്.
2700 ഓളം വീഡിയോ ദൃശ്യങ്ങളാണ് പ്രജ്വല്‍ രേവണ്ണ നടത്തിയതെന്ന് പറയപ്പെടുന്ന ലൈംഗികപീഡനവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത്. ഇയാളുടെ കുടുംബഡ്രൈവര് കാര്‍ത്തിക് ഗൗഡയാണ് ഈ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ബിജെപി നേതാവും ഗൗഡ കുടുംബത്തിന്റെ എതിരാളിയുമായ ദേവരാജ് ഗൗഡക്ക് കൈമാറിയതെന്നാണ് വിവരം. അങ്ങിനെ വരുമ്പോള്‍ ബിജെപി കേന്ദ്രങ്ങള്‍ വഴി തന്നെയാണ് ഈ വീഡിയോകള്‍ പുറത്ത് പോയതെന്ന് വ്യക്തമാവുകയാണ്. ദേവഗൗഡയുമായി കൈകോര്‍ക്കാനുള്ള കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ നീക്കത്തിനെതിരെ കര്‍ണ്ണാടക ബിജെപിയില്‍ വലിയ അമര്‍ഷമുണ്ടായിരുന്നു. എന്നാല്‍ മോദിയും ഷായും എടുത്ത തീരുമാനത്തിന് എതിരെ നില്ക്കാന് കഴിയുന്നവര്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇല്ല. ലൈംഗികപീഡന ദൃശ്യങ്ങള്‍ ലഭിച്ചപ്പോള്‍ ഗൗഡ കുടുംബത്തെ പൂട്ടാന്‍ പറ്റിയ അവസരമായി കര്‍ണ്ണാടക ബിജെപിയിലെ ചിലര്‍ ഉപയോഗിച്ചുവെന്നാണ് സൂചന. ഭരണം കോണ്ഗ്രസിന്റെയായത് കൊണ്ട് കേസ്, അറസ്റ്റ് തുടങ്ങിയ കാര്യങ്ങളൊക്കെ അവരുടെ തലവേദനയാണെന്നും ബിജെപി നേതാക്കള്‍ക്കറിയാം.
വീട്ടുജോലിക്കാരും പാര്‍ട്ടിക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒക്കെ ആയ നിരവധി സ്ത്രീകളെ പ്രജ്വല്‍ രേവണ്ണ ലൈംഗികമായി പീഡിപ്പിച്ച വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നതെന്നാണ് ആക്ഷേപം. സംഗതി വിവാദമായ ഉടനെ പ്രജ്വല്‍ ബാംഗ്ളൂരില്‍ നിന്നും ജര്‍മ്മനിയിലേക്ക് കടന്നു. 2019ലാണ് പ്രജ്വല്‍ ഹാസന് മണ്ഡലത്തില്‍ നിന്നും ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ദേവഗൗഡയുടെ പാര്‍ട്ടിയിലെ ഏക എംപി, അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന് രേവണ്ണയുടെ പുത്രൻ പ്രജ്വലാണ്. ഓസ്ട്രേലിയയില്‍ നിന്നും എഞ്ചിനീയറിങ്ങിൽ ബിരുദാനാന്തര ബിരുദം നേടിയ പ്രജ്വല്‍ 2014ലാണ് രാഷ്ട്രീയത്തിലെത്തിയത്. ഗൗഡയുടെ മൂത്ത മകന് എച്ച് ഡി കുമാരസ്വാമിയുടെ മകനായ വിവേകും പാര്‍ട്ടിയില്‍ സജീവമാണ്. ഇവര്‍ ശത്രുതയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതിൽ ഗൗഡ കുടുംബത്തിലെ അന്ത:ഛിദ്രങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്.
ഏതായാലും മോദിയെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ വിഷയം. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രജ്വല്‍ രേവണ്ണക്കെതിരെ കേസുകള്‍ എടുത്തിരിക്കുന്നത്. ഈ കേസുകളുടെ അന്വേഷണത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. പ്രജ്വലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ലോകത്തിന്റെ എല്ലാ ഭാഗത്തും പുറപ്പെടുവിച്ചു കഴിഞ്ഞു. ദേവഗൗഡയുടെ പാര്‍ട്ടിയായ ജനതാദള്‍ സെക്യുലറിനെ ഇല്ലാതാക്കി ബിജെപിയില്‍ ലയിപ്പിക്കുന്ന തരത്തിലുള്ള നീക്കമായിരുന്നു പാർട്ടി അവിടെ നടത്തിയത്. എന്നാല്‍ ലൈംഗികപീഡന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മോദിയും ബിജെപിയും വെട്ടിലായി. പ്രജ്വലിന് വേണ്ടി പ്രചാരണം നടത്താന്‍ മോദി കര്‍ണ്ണാടകയില്‍ എത്തുകയും ചെയ്തിരുന്നു.
മോദിയും പ്രജ്വലുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നുമാത്രമല്ല തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങളിലെല്ലാം ഈ വിഷയം വലിയ തോതില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. നാരീശക്തിയെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന പ്രധാനമന്ത്രി ഒരു സ്ത്രീപീഡകനെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്നുവെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.ഏതായാലും ദേവഗൗഡയുടെ പാര്‍ട്ടി ഏറെക്കുറെ അസ്തമിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ആ തകര്‍ച്ചയില്‍ നിന്നും നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിച്ച ബിജെപിക്കാകട്ടെ ഈ രാഷ്ട്രീയകൂട്ടുകെട്ട് മുൾക്കിരീടമായി പരിണമിക്കുകയാണ്.