ഉത്തര്‍പ്രദേശിന്റെ കൃത്യം നടുക്ക് കിടക്കുന്ന റായ്ബറേലി രാഹുല്‍ ഗാന്ധിയുടെ മുത്തഛന് ഫിറോസ് ഗാന്ധിയുടെ മണ്ഡലമായിരുന്നു. 1952 മുതല്‍ ഫിറോസ് ഗാന്ധിയും അദ്ദേഹത്തിന്റെ മരണശേഷം1967 മുതല്‍ 77 വരെയും പിന്നെ 1980 ലും ഇന്ദിരാ ഗാന്ധിയുമാണ് റായ്ബറേലിയില്‍ നിന്നും ജയിച്ചത്. പിന്നീട് 2004ല്‍ സോണിയാഗാന്ധി മല്‍സരിക്കാനെത്തുന്നത് വരെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വിവിധ നേതാക്കള്‍, രാജീവിന്റെ വിശ്വസ്തനായിരുന്ന സതീശ് ശര്‍മ്മയടക്കമുള്ളവര്‍ ഇവിടെ നിന്നും എംപിമാരായിരുന്നു.
ഇത്തവണ ഉത്തരേന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്നും രാഹുല്‍ഗാന്ധി ജനവിധി തേടിയേക്കുമെന്ന സൂചനകള്‍ ശക്തമായിരുന്നു. അത് റായ്ബറേലിയില്‍ ആയിരിക്കുമെന്നും ഏതാണ്ട് ഉറപ്പായിരുന്നു. എന്നാല്‍ നെഹ്റു കുടുംബം ഏത് തീരുമാനം കൈക്കൊള്ളുമ്പോഴും അതിന് ഒരു നാടകീയതയുണ്ടാക്കാന് ശ്രമിക്കും. ആദ്യം തര്‍ക്കങ്ങളും പ്രശ്നങ്ങളുമുണ്ടാകും, അവസാനം അവര്‍ തീരുമാനിക്കുന്നത് നടക്കും. 1969 മുതല്‍ കോണ്‍ഗ്രസില്‍ പൂര്‍ണ്ണമായും ഇത്തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. രാഹുലിന്റെ അളിയന് റോബര്‍ട്ട് വാദ്ര ഈ സീറ്റില്‍ അവകാശമുന്നയിച്ചപ്പോഴേ തന്നെ രാഹുല്‍ ആണ് അവിടെ മല്‍സരിക്കാന്‍ വരികയെന്ന സൂചനകള്‍ ചില ദല്‍ഹി മാധ്യമങ്ങള്‍ നല്‍കിയിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേ കോണ്‍ഗ്രസ് അധ്യക്ഷനായി തീരുമാനിച്ച ശേഷവും അധ്യക്ഷസ്ഥാനത്തേക്ക് അശോക് ഗെഹലോട്ടിനെ കൊണ്ടുവരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പിആർ സംവിധാനത്തിന് കഴിഞ്ഞിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വഴി ശരിയാക്കാന്‍ വേണ്ടി ഗെഹലോട്ടിനെ മുന്നില്‍ നിര്‍ത്തി ഒരു പുകമറ ഉണ്ടാക്കുകയായിരുന്നു അന്ന്. ഏതാണ്ട് അതേ പോലെ തന്നെയാണ് റോബര്‍ട്ട് വാദ്രയെ അവതരിപ്പിച്ചതും. വാദ്ര ഈ സീറ്റിന് അവകാശവാദം ഉന്നയിച്ചപ്പോള്‍ തന്നെ അത് രാഹുല്‍ഗാന്ധിയെ കൊണ്ടുവരാനുള്ള മറ മാത്രമാണെന്ന് നെഹ്റു കുടുംബത്തിന്റെ ചരിത്രം അറിയാവുന്ന പല രാഷ്ട്രീയനിരീക്ഷകരും സൂചിപ്പിച്ചിരുന്നു.
ഇത്തവണ രാഹുല്‍ ഉത്തര്‍പ്രദേശിലെ ഏതെങ്കിലും ലോക്സഭാ മണ്ഡലത്തില്‍ക്കൂടി മല്‍സരിക്കണമെന്ന് കോണ്‍ഗ്രസ് തിരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമാക്കിയതും രാഹുല്‍ മത്സരിച്ച വയനാട്ടിലെ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലായതും റായ്ബറേലി പദ്ധതി കൂറെക്കൂടി എളുപ്പമാക്കി. പ്രിയങ്കയും രാഹുലും ഒരുമിച്ച് മല്സരിക്കേണ്ടാ എന്ന നിര്‍ദേശം നെഹ്റു കുടുംബത്തിന്റെ വിശ്വസ്തര്‍ നല്‍കിയിരുന്നു. അത് ബിജെപിക്ക് വലിയൊരു ആയുധമാകും എന്നതു കൊണ്ടാണത്. ഇതേ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ ഒരു മണ്ഡലത്തില്‍ക്കൂടി, അതും കോണ്‍ഗ്രസിന് ഉറപ്പുള്ള മണ്ഡലമായ റായബറേലിയില്‍ കൂടി രാഹുല്‍ഗാന്ധി മല്‍സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. വയനാട്ടില്‍ നാമനിര്‍ദേശപത്രിക കൊടുക്കും മുമ്പ് തന്നെ ഉത്തരേന്ത്യയില്‍ രാഹുല്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.
രാഹുലിനെ കേന്ദ്രീകരിച്ചുള്ള ബിജെപി ആക്രമണങ്ങളുടെ മുനയൊടിക്കുക എന്നത് തന്നെയാണ് റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടു കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കേരളത്തില്‍ മുസ്ളീംങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്നും രാഹുല്‍ മല്‍സരിക്കുന്നതും ജയിക്കുന്നതും ഉത്തരേന്ത്യയില്‍ ബിജെപി വലിയ രാഷ്ട്രീയപ്രചാരണായുധമാക്കി മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇതിന് മറുപടി നല്‍കേണ്ടത് വളരെ അത്യാവശ്യമാണെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വം ഇത്തരത്തില്‍ ബിജെപിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മറുപടി കൂടെയാണെന്ന് വരുന്നു. മോദി വാരണാസിയി്ല് മല്‍സരിക്കുമ്പോള്‍ അതിനടുത്ത് തന്നെ രാഹുല്‍ഗാന്ധിയും മല്സരിക്കുന്നുവെന്നത് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കുമുണ്ടാക്കുന്നത് ചെറിയ രാഷ്ട്രീയ നേട്ടമല്ല.
റായ്ബറേലിയില്‍ രാഹുല്‍ ജയിച്ചാല്‍ വയനാട്ടില്‍ ആറുമാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് വന്നേക്കാം. കാരണം റായ്ബറേലി കിട്ടിയാല്‍ അത് രാഹുലിന് ഉപേക്ഷിക്കാന്‍ പറ്റില്ല. നെഹ്റു കുടുംബത്തിന് വൈകാരികമായി വളരെയേറെ അടുപ്പമുള്ള മണ്ഡലമാണത്. മാത്രമല്ല കോണ്‍ഗ്രസ് ആകെ തളര്‍ന്നിരിക്കുന്ന ഉത്തര്‍പ്രദേശില്‍ കിട്ടുന്ന ഒരു സീറ്റുപോലും ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ജീവവായുവാണ്. ബിജെപിയുടെ തേരോട്ടത്തെ തടഞ്ഞുനിര്‍ത്തണമെങ്കില്‍ ഹിന്ദി ഹൃദയഭൂമിയിലെ ഒരു സീറ്റില്‍ നിന്നും രാഹുല്‍ ഗാന്ധി മല്‍സരിച്ചു ജയിക്കേണ്ടതും അത്യാവശ്യമാണ്. റായ്ബറേലിയില്‍ വിജയപ്രതീക്ഷയോടെ തന്നെയാണ് രാഹുല്‍ ഇറങ്ങുന്നത്. അവിടെ നിന്ന് വിജയിച്ചാല്‍ ബിജെപിക്കു കൊടുക്കാവുന്ന ശക്തമായ മറുപടിയായിരിക്കും അത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന് രാഹുല്‍ എന്ന വികാരത്തെ നഷ്ടപ്പെടുകയും ചെയ്യും.