തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു കടുത്ത ചൂട് പാലക്കാട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, 40 ഡിഗ്രി ചൂട് ആണ് പാലക്കാട് പരമാവധി രേഖപ്പെടുത്തുകയെന്ന് വകുപ്പു പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. കൊല്ലത്തും തൃശൂരും പരമാവധി 39 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തുക. മറ്റു ജില്ലകളിൽ ഇങ്ങനെ: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർകോട് – 37 ഡിഗ്രി; എറണാകുളം – 36 ഡിഗ്രി; ഇടുക്കി, വയനാട് – 35 ഡിഗ്രി.
തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ അന്തരീക്ഷ ആർദ്രത 55-65% പരിധിയിലായിരിക്കാൻ സാധ്യതയുള്ളതിനാൽ ഉയർന്ന ചൂടോടുകൂടിയ അസ്വസ്ഥയുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂർകൂടി ഉഷ്ണതരംഗ സാഹചര്യം തുടരാനും സാധ്യതയുണ്ട്. പ്രദേശവാസികളും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്നലെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്താവുന്ന ഉയർന്ന താപനില എന്ന മുന്നറിയിപ്പിൽ പറയുന്നതിനേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനില സാധാരണയേക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തിയിരുന്നു.