നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന വേളകളിലെല്ലാം സിപിഎം തങ്ങളെ അവഗണിക്കുകയാണെന്ന തോന്നല്‍ ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷികളായ സിപിഐക്കും കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പിനും ശക്തമായിരിക്കുകയാണ്. എന്നാല്‍ തല്ക്കാലം ഘടകകക്ഷികളുടെ അതൃപ്തി അവഗണിച്ചു മുന്നോട്ട് പോകാന്‍ തന്നെയാണ് സിപിഎം തീരുമാനം. യുഡിഎഫില്‍ ഘടക കക്ഷികള്‍ക്ക് കിട്ടുന്ന പരിഗണന ഇടതുമുന്നണിയില്‍ ലഭിക്കാറില്ലെന്ന് നേരത്തെ തന്നെ അഭിപ്രായമുണ്ടെങ്കിലും ചെറുപാർട്ടികളുടെ അഭിപ്രായങ്ങള്‍ക്ക് സിപിഎം നേതൃത്വം ചെവി കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഭരണത്തുടര്‍ച്ചയുണ്ടായതോടെ ഘടകകക്ഷികള്‍ക്ക് അഭിപ്രായപ്രകടനം നടത്താനുള്ള അവസരം പോലും നിഷേധിക്കുകയാണെന്ന പരാതിയാണ് ഉയരുന്നത്.
ഇപി ജയരാജന് ഇടതുമുന്നണി കണ്‍വീനര്‍ ആയശേഷം മുന്നണി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാറേ ഇല്ല. മുഖ്യമന്ത്രിയെയാണെങ്കില് മന്ത്രിസഭായോഗത്തില്‍ മാത്രമേ ഘടകകക്ഷി മന്ത്രിമാര്‍ക്ക് കാണാന്‍ തന്നെ പറ്റുന്നുള്ളൂ. മുന്നണി നേതൃത്വത്തിലുള്ള സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരുമായും ആശയവിനിമയം നടത്താനും കഴിയുന്നില്ലെന്ന പരാതിയും മിക്ക ഘടകകക്ഷികൾക്കുമുണ്ട്. ബിനോയ് വിശ്വം സംസ്ഥാനസെക്രട്ടറി ആയതിൽപ്പിന്നെ സിപിഐയെ സിപിഎം കാര്യമായി ഗൗനിക്കുന്നില്ലെന്ന പരാതി അവര്‍ക്കുണ്ട്. കോട്ടയം ലോക്സഭാ സീറ്റില്‍ ജയിച്ചാല്‍ മാത്രമേ അടുത്ത രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്കു നല്‍കുകയുള്ളുവെന്ന പിണറായിയുടെ ഏകപക്ഷീയ തീരുമാനം മാണി ഗ്രൂപ്പിനെയും രോഷാകുലരാക്കി. എന്നാല്‍ ഇതൊന്നും പ്രകടിപ്പിക്കാനുള്ള വേദികള്‍ ഇവര്‍ക്കാര്‍ക്കുമില്ല. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയോട് ഇതൊന്നും സംസാരിക്കാനും കഴിയില്ല. ഇതോടെ ഈ രണ്ടു ഘടകക്ഷികളും നിരാശയിലാണ്. ഒന്നും രണ്ടും എംല്‍എമാരുള്ള മറ്റു ഘടകക്ഷികളുടെ കാര്യം പറയാനുമില്ല. എന്നാല്‍ അവര്‍ യാഥാര്‍ത്ഥ്യം അംഗീകരിച്ച് കിട്ടിയതും വാങ്ങി മിണ്ടാതിരിക്കുകയാണ്.
ഇപി ജയരാജനും പ്രകാശ് ജാവേദ്കറും തമ്മില്‍ നടത്തിയ രഹസ്യചര്‍ച്ചയെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതില്‍ ഘടകകഷികൾക്ക് പ്രതിഷേധമുണ്ട്. ജയരാജന് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറണമെന്ന അഭിപ്രായമാണ് സിപിഐക്കും കേരള കോൺഗ്രസ്സിനുമുള്ളത്. എന്നാല്‍ അത് ആവശ്യപ്പെടാനുള്ള വേദി പോലും അവര്‍ക്ക് കിട്ടുന്നില്ലെന്നുള്ളതാണ് ദയനീയം. മുന്നണി യോഗം വിളിച്ചു ചേര്‍ക്കാന്‍ ചുമതലപ്പെട്ടയാളാണ് ഇപി ജയരാജന്. അദ്ദേഹമാകട്ടെ സിപിഎം നേതൃത്വവുമായി കടുത്ത പോരിലാണ്. ഇപിക്കെതിരായ തങ്ങളുടെ പ്രതിഷേധം സിപിഎം കണക്കിലെടുത്തില്ലെന്ന പരാതി രണ്ട് പാര്‍ട്ടികള്‍ക്കുമുണ്ട്. ഇപിയുടെ നടപടി ദേശീയതലത്തില്‍ തന്നെ ഇടതുചേരിയെ ക്ഷീണിപ്പിച്ചുവെന്നാണ് സിപിഐ പറയുന്നത്. ക്രൈസ്തവരടക്കമുളള ന്യൂനപക്ഷ സമൂഹം സിപിഎമ്മിന്റെ ബിജെപി വിരുദ്ധതയെ ഈ സംഭവത്തിനുശേഷം സംശയത്തോടെയാണ് കാണുന്നതെന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് വിലയിരുത്തുന്നു. ബിജെപിയുമായി അടുക്കാനുള്ള നിരവധി ഓഫറുകള്‍ വന്നിട്ടും അവയെല്ലാം വേണ്ടെന്ന് വച്ച് ഇടതുമുന്നണിയില്‍ അടിയുറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി.
എൽഡിഎഫ് വിടാൻ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകള്‍ ജോസ് കെ മാണിക്ക് മേല്‍ നിരന്തര സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ മുന്നണി വിട്ടാല്‍ പാര്‍ട്ടി പിളരുമെന്ന് ജോസ് കെ മാണിക്ക് നന്നായി അറിയാം. മാണി വിഭാഗത്തിന്റെ മന്ത്രി റോഷി അഗസ്റ്റിന് പിണറായി വിജയനുമായി നല്ല ബന്ധമാണ്. ഇനിയൊരു പിളര്‍പ്പ് ഉണ്ടായാല്‍ അത് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മരണമണിയായിരിക്കുമെന്നും ജോസ് മോൻ ഭയക്കുന്നു.
കാനം രാജേന്ദ്രന് നല്കിയ പോലുള്ള പരിഗണന പിണറായി വിജയന് തനിക്ക് നല്‍കുന്നില്ലെന്ന വിഷമം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുണ്ട്. എന്നാല്‍ അത് പുറത്ത് കാണിച്ചാല്‍ തന്റെ പാര്‍ട്ടിയില്‍ പോലും തനിക്ക് വിലയുണ്ടാകില്ലെന്ന് ബിനോയി മനസ്സിലാക്കിയിട്ടുണ്ട്. സിപിഐ മന്ത്രിമാര്‍ കാനത്തിന് മുമ്പില്‍ പഞ്ചപുശ്ചമടക്കി നിന്നിരുന്നു. ബിനോയിയോട് മന്ത്രിമാരുടെ സമീപനം വ്യത്യസ്തമാകാം. ഇപി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബിനോയ് വിശ്വത്തിന്റെ ആവശ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തയ്യാറായില്ല. ചുരുക്കത്തില്‍ എന്ത് ചെയ്യണമെന്ന് എത്തും പിടിയുമില്ലാതെ നില്‍ക്കുകയാണ് രണ്ടു പാര്‍ട്ടികളും. മാണി കേരള കോൺഗ്രസ്സിന് യുഡിഎഫിലേക്ക് തിരിച്ചു പോകണമെന്നാഗ്രഹമുണ്ടെങ്കിലും പഴയ പരിഗണന അവിടെ കിട്ടില്ലെന്ന് പാർട്ടിക്ക് ബോധ്യമുണ്ട്. സുധാകരനും സതീശനുമടങ്ങുന്ന കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തെ മുസ്ളീംലീഗിനുപോലും ഒരു പരിധി വിട്ടു സ്വാധീനിക്കാന്‍ കഴിയുന്നില്ല. അപ്പോള്‍പ്പിന്നെ പുറത്തുനിന്നുള്ള തങ്ങളുടെ കാര്യം പറയാനുണ്ടോ എന്നാണ് ജോസ് കെ മാണിയുടെ ആകുലത.
മുന്നണിയോഗം വിളിച്ച് ചേര്ക്കണമെന്നാവശ്യപ്പെടാന് പോലും എൽഡിഎഫിലെ ഒരു ഘടകകക്ഷിക്കും സാധിക്കുന്നില്ല. സിപിഎമ്മില്‍ മാത്രമല്ല ഇടതുമുന്നണിയിലും സര്‍ക്കാരിലുമൊക്കെ സര്‍വ്വം പിണറായി മയമാണ്. മുന്നണിക്കുള്ളില്‍ അസ്വസ്ഥതകള്‍ ഉരുണ്ടുകൂടുന്നുണ്ടെങ്കിലും അതൊന്നും പിണറായി വിജയനിലേക്ക് എത്തുന്നുപോലുമില്ലെന്നതാണ് സത്യം