ബിജെപിയിൽ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവേദ്കര്‍ക്കെതിരെ കടുത്ത അസംതൃപ്തി പുകയുകയാണ്. ജാവേദ്കറുടെ അവധാനതയില്ലാത്ത നീക്കങ്ങള്‍ ബിജെപിയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ അവമതിപ്പുണ്ടാക്കിയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ദല്ലാള്‍ നന്ദകുമാറിനെപ്പോലൊരാളെ ഇറക്കി കേരളത്തില്‍ ബിജെപി വളര്‍ത്താന്‍ ശ്രമിച്ചത് വലിയ വീഴ്ച തന്നെയാണെന്നും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസിലാക്കാതെയാണ് ജാവേദ്കര് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളടക്കം ബിജെപിയുടെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രനെതിരെയും ഇത്തരത്തില്‍ വലിയ പ്രതിഷേധമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. കേരളത്തിലെ ബിജെപിയുടെ സാധ്യതകള്‍ക്ക് മേല്‍ ജാവേദ്കറുടെയും ശോഭാ സുരേന്ദ്രന്റെയും നടപടികള്‍ വലിയ കളങ്കമുണ്ടാക്കിയെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. കേരളത്തില്‍ ബിജെപിയെ വളര്‍ത്താന്‍ ദല്ലാള്‍ നന്ദകുമാറിനെപ്പോലൊരാളുടെ സഹായം തേടിയത് തന്നെ വലിയ നാണക്കേടാണെന്നാണ് കേരളത്തിലെ തന്നെ ഭൂരിഭാഗം നേതാക്കളും പറയുന്നത്.
കേരളത്തിലെ ബിജെപി നേതാക്കളെയാരെയും വിശ്വാസത്തിലെടുക്കാതെയാണ് പ്രകാശ് ജാവേദ്കര് ഈ നീക്കങ്ങളെല്ലാം നടത്തിയത്. ഇപി ജയരാജനെ കണ്ടത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പോലും അറിഞ്ഞിരുന്നില്ല. ശോഭാ സുരേന്ദ്രന് കേരളത്തിലെ ബിജെപിയില്‍ മറ്റ് പാർട്ടികളിൽ നിന്നും നേതാക്കളെ എത്തിക്കാനുള്ള ദൗത്യം കേന്ദ്രനേതൃത്വം നല്‍കിയിരുന്നു എന്ന അവരുടെ അവകാശവാദത്തിനെതിരെയും കേരള ബിജെപിയില്‍ കടുത്ത എതിര്‍പ്പുയരുന്നുണ്ട്. കേരളത്തിലെ നേതാക്കള്‍ ആരും അറിയാതെ ശോഭാ സുരേന്ദ്രന് ആരാണ് കേന്ദ്രനേതൃത്വത്തില്‍ നിന്നും ഇത്തരത്തില്‍ ചുമതലകള്‍ നല്‍കിയതെന്ന് പാർട്ടിയിൽ ചോദ്യമുയർന്നു കഴിഞ്ഞു.ഇത്തരത്തിൽ ദല്ലാള്‍ ഇടപാടുകളില്‍ക്കൂടി കേരളത്തില്‍ ബിജെപിയെ വളർത്താൻ കഴിയില്ലന്നാണ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. കേന്ദ്രത്തിലെ നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ വലിയ അസംതൃപ്തിയുണ്ട്.
കേരളത്തില്‍ ബിജെപിയെ മുന്നോട്ടു കൊണ്ടുപോകാന്‍ കളങ്കിതരായ വ്യക്തിത്വങ്ങളെ കൂട്ടിപിടിക്കുന്നത് അപകടം ചെയ്യുമെന്ന നിലപാടിലാണ് അവര്‍. ഇപി ജയരാജനെപ്പോലെയൊരാളെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ ദല്ലാള്‍ നന്ദകുമാറിനെ കൂട്ടുപിടിച്ചത് കേരളത്തില്‍ പാര്‍ട്ടിക്ക് നാണക്കേടായി എന്നുതന്നെയാണ് കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ ഒരുപോലെ കരുതുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കം ആരും തന്നെ ശോഭാ സുരേന്ദ്രന്റെയും ദല്ലാള്‍ നന്ദകുമാറിന്റെയും ആരോപണ പ്രത്യാരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. പ്രകാശ് ജാവേദ്കര് നേരിട്ട് ജെപി നദ്ദക്കും അമിത് ഷാക്കും റിപ്പോര്‍ട്ടു ചെയ്യുന്നയാളാണ്. അദ്ദേഹം ഉണ്ടാക്കിയ പ്രശ്നത്തില്‍ തങ്ങള്‍ ഇടപെടെണ്ട കാര്യമില്ലെന്ന നിലപാടാണ് കെ സുരേന്ദ്രന് അടക്കമുളളവര്‍ എടുത്തിരിക്കുന്നത്. തങ്ങളോട് ആലോചിക്കാതെ പ്രവര്‍ത്തിച്ച് കുഴപ്പത്തില്‍ ചാടിയ പ്രകാശ് ജാവേദ്കറോടുള്ള പ്രതിഷേധം കൂടിയാണ് ഈ നിലപാട്.
കേരളത്തിലെ ബിജെപി ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം കേന്ദ്രനേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം വലിയൊരു അഴിച്ചുപണി കേരളത്തിലെ സംഘടനയിൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. പ്രകാശ് ജാവേദ്കറെ പ്രഭാരി സ്ഥാനത്ത് നിന്നും മാറ്റാനുളള സാധ്യതയും ഏറിയിട്ടുണ്ട്. ബിജെപിയോട് അനുഭാവം പുലര്‍ത്തിയിരുന്ന നിഷ്പക്ഷമതികളായ വലിയൊരു വിഭാഗം ഈ സംഭവവികാസങ്ങളോടെ ബിജെപിയില്‍ നിന്നും അകന്നുവെന്ന് ആര്‍എസ്എസ് നേതൃത്വവും വിലയിരുത്തുന്നു. ബിജെപി അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിഎല്‍ സന്തോഷ് ഇക്കാര്യത്തില്‍ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ആര്‍എസ്എസ് ദേശീയ നേതൃത്വം ബിജെപിയിലെ കാര്യങ്ങൾ നിയന്ത്രിക്കാന്‍ നിയോഗിച്ചിരിക്കുന്നയാളാണ് കര്‍ണ്ണാടക സ്വദേശിയായ ബിഎല്‍ സന്തോഷ്. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവുമായി ഈ സംഭവവികാസങ്ങളെക്കുറിച്ച് ബിഎല്‍ സന്തോഷ് ചർച്ച നടത്തുന്നുണ്ട്.
കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചക്ക് പുതിയ നേതൃത്വവും ആക്ഷന്‍ പ്ളാനും വേണമെന്നും അതുണ്ടാക്കാന്‍ കഴിയാതെ ദല്ലാളുമാരുടെ പിറകേ നടന്നിട്ട് ഒരു കാര്യവുമില്ലന്നാണ് സംസ്ഥാനത്തെ ഭൂരിഭാഗം ബിജെപിക്കാരുടെയും അഭിപ്രായം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്ര നേതൃത്വം അടിയന്തിരമായി ഇടപെട്ട് കേരളാ നേതൃത്വത്തില്‍ ശുദ്ധീകരണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.