നെടുമ്പാശേരി: കേരളത്തിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് ഫ്ളൈറ്റുകളിൽ ജൂൺ മുതൽ കേരളീയ ഭക്ഷണം ലഭിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം. കൊച്ചിയിൽ നിന്നുമാത്രം നിത്യേന അബുദാബിയിലേക്ക് ഇത്തിഹാദിന് നാല് സർവീസുണ്ട്. ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് അതത് സംസ്ഥാനങ്ങളിലെ ഭക്ഷണവും ലഭിക്കും.
ഇത്തിഹാദ് എക്പ്രസിൽ സൗജന്യമായി ഭക്ഷണം നൽകുമെങ്കിലും അറേബ്യൻ വിഭവങ്ങളായിരുന്നു.കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ളൈറ്റ് സർവീസസിനാണ് (സി.എ.എഫ്.എസ്) ഭക്ഷണം നൽകാനുള്ള കരാർ. ജൂൺ ഒന്നുമുതൽ നാല് വർഷത്തേക്കാണിത്. കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിൽ നിന്നു പുറപ്പെടുന്ന ഫ്ളൈറ്റുകളിൽ ജൂലായ് ഒന്നുമുതൽ നടപ്പാക്കുമെന്ന് കാസിനോ ഗ്രൂപ്പ് സി.ഇ.ഒ വി.ബി. രാജൻ അറിയിച്ചു. കാസിനോ എയർ കാറ്ററേഴ്സ് കോർപ്പറേറ്റ് ഷെഫ് ഗുണശേഖരൻ, അസി.വൈസ് പ്രസിഡന്റ് പ്രമോദ്, ഇത്തിഹാദ് എയർവേയ്സ് ഗ്ലോബൽ കളിനറി ഡെവലപ്പ്മെന്റ് മാനേജർ നദീം ഫാറൂക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പൊരിച്ച കോഴി മുതൽ മീൻ പൊള്ളിച്ചതുവരെ
കേരളത്തിൽ നിന്നുള്ള വിമാനങ്ങളിൽ നാടൻ വിഭവങ്ങളായ കോഴി പൊരിച്ചത്, ചെമ്മീൻ ഉലർത്ത്, മീൻ കറി, മീൻ പൊള്ളിച്ചത്, വെണ്ടയ്ക്ക തോരൻ, ബിരിയാണി, പഴ പ്രഥമൻ, അട പ്രഥമൻ തുടങ്ങിയവ ഉച്ചയ്ക്കും രാത്രിയിലും, ഇടിയപ്പം, കടലക്കറി, വിവിധതരം ഉപ്പുമാവുകൾ, ഇഡലി, വട, സാമ്പാർ തുടങ്ങിയവ പ്രഭാതത്തിലും ലഭിക്കും.