തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ട്രഷറിയിൽ സംസ്ഥാന സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇതാദ്യമായാണ് ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണമെന്നാണ് നിർദ്ദേശം. ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ട്രഷറി ഉദ്യോഗസ്ഥർ പറയുന്നത്.
ഏപ്രിൽ ആദ്യംതന്നെ 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ അനുമതി വേണ്ടിയിരുന്നു.ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. വായ്പാനുമതി സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഡിസംബർ വരെയും അതിനുശേഷവും എടുക്കാവുന്ന വായ്പയുടെ കണക്കുകളാണ് വരേണ്ടത്.മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3%വരെ വായ്പയെടുക്കാമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് 37,000 മുതൽ 41,000കോടി രൂപവരെ വായ്പയെടുക്കാനാകും. ഇതിൽ നിന്ന് കിഫ്ബിയുടെയും സാമൂഹ്യസുരക്ഷാമിഷന്റെയും വായ്പകൾ അടക്കം എത്ര തുക കുറയ്ക്കുമെന്ന അറിയിപ്പും കിട്ടിയിട്ടില്ല. തൽക്കാലം 5,000കോടിയുടെ താൽക്കാലിക വായ്പാനുമതി സംസ്ഥാനം ചോദിച്ചെങ്കിലും കിട്ടിയത് 3,000കോടിയാണ്. അത് 30ന് എടുക്കും.കേന്ദ്രം വായ്പാനുമതി നൽകുന്നതിൽ കടുംപിടിത്തം സ്വീകരിക്കുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.