തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാൻ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂൺ നാലിനാണ് വോട്ടണ്ണൽ.ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം സ്ഥാനാർത്ഥികൾക്ക് വിശ്രമിക്കാൻ വേണ്ടുവോളം സമയം. പോളിംഗ് വിലയിരുത്തലാവും ഇനി രണ്ടു നാൾ. അതിനുശേഷം ചിലർ അവധി ആഘോഷിക്കാൻ യാത്രകൾക്ക് തയ്യാറെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയതോടെ മാറ്റിവച്ച കാര്യങ്ങൾ ചെയ്തു തീർക്കാനും സമയം കണ്ടെത്തും.
യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ 20 സീറ്റിലും ജയിക്കുമെന്ന് അവകാശപ്പെടുമ്പോൾ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ബൂത്ത് അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് – വലത് മുന്നണികൾ തീരുമാനിച്ചിട്ടുള്ളത്. പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചർച്ചയാവും.