ന്യൂഡല്ഹി : മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്ക. 2023 മെയ് മാസത്തിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിൽ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും യു.എസ് വിദേശകാര്യ വകുപ്പിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിൽ പറയുന്നു. മണിപ്പൂരിൽ നടന്ന കലാപത്തിൽ കുറഞ്ഞത് 175 പേർ കൊല്ലപ്പെടുകയും 60,000-ത്തിലധികം പേർ പലായനം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
അക്രമം തടയുന്നതിനും മനുഷ്യാവകാശ സഹായങ്ങൾ നൽകുന്നതിനും സർക്കാർ കാണിക്കുന്ന വൈകിയ നടപടികളെ പ്രാദേശിക മനുഷ്യാവകാശ സംഘടനകൾ,ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടികൾ എന്നിവർ വിമർശിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. കേന്ദ്രസർക്കാറിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി നേരിടുകയാണെന്നും റിപ്പോർട്ടിലുണ്ട്. മാധ്യമസ്ഥാപനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും മേൽ കേന്ദ്രസർക്കാർ കടന്നു കയറുകയാണ്. ബി.ബി.സി ഓഫീസിലെ ആദായനികുതി പരിശോധന ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പരാമർശിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡൽഹിയിലെയും മുംബൈയിലെയും ബിബിസിയുടെ പരിസരങ്ങളിൽ ആദായനികുതി വകുപ്പ് സർവേ നടത്തിയിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി പുറത്തിറക്കി ആഴ്ചകൾക്ക് ശേഷമാണ് റെയ്ഡ് നടന്നത്.
2023 ജനുവരിയിൽ, ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്രം യൂട്യൂബ്,ട്വിറ്റർ എന്നിവയോട് ഉത്തരവിട്ടിരുന്നു. ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഡോക്യുമെന്ററിയുടെ പ്രദർശനം നിരോധിക്കാൻ സർക്കാർ ഉത്തരവിടുകയും പ്രദർശനം സംഘടിപ്പിച്ച വിദ്യാർഥി സംഘടനകൾക്കെതിരെ വലിയ രീതിയിൽ നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടലുകൾക്ക് ഇരയാകുന്നെന്ന് യു.എസ് കണ്ടെത്തിയിട്ടുണ്ട്.മോദി പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ സാഹചര്യം മോശമാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ജമ്മു കശ്മീരിൽ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും അന്വേഷണം നേരിടുന്നു. ഇന്ത്യയിൽ മാധ്യമപ്രവർത്തകർ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. 2019 മുതൽ കുറഞ്ഞത് 35 മാധ്യമപ്രവർത്തകരെങ്കിലും ആക്രമണങ്ങൾ, പൊലീസ് ചോദ്യം ചെയ്യൽ,റെയ്ഡുകൾ, കെട്ടിച്ചമച്ച കേസുകൾ എന്നിവ നേരിടുന്നുണ്ട്. ഗുജറാത്ത് കോടതി രാഹുൽഗാന്ധിക്ക് രണ്ടുവർഷത്തെ തടവ് ശിക്ഷ വിധിച്ചതും കാനഡയിൽ സിഖ് പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.