ലോകത്ത് ഏറ്റവും കൂടുതൽ സൈനിക ചെലവുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് പിന്നിലാണ് ഇന്ത്യ സ്ഥാനം പിടിച്ചത്. 2023ൽ 84 ബില്യൺ ഡോളറാണ് ഇന്ത്യയുടെ സൈനിക ചെലവ്. യുഎസ് (916 ബില്യൺ ഡോളർ), ചൈന (296 ബില്യൺ ഡോളർ) റഷ്യ (109 ബില്യൺ ഡോളർ) എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. 8.5 ബില്ല്യൺ ഡോളറാണ് പാകിസ്ഥാൻ സൈനിക ചെലവിനായി ഉപയോഗിക്കുന്നത്. ‘സൈനിക ചെലവിലെ അഭൂതപൂർവമായ വർധനവ് സമാധാനത്തിലും സുരക്ഷയിലും ആഗോളതലത്തിൽ തകർച്ച നേരിടുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.
എന്നാൽ സൈനിക ചെലവ് വർധിക്കുമ്പോഴും ഇന്ത്യയുടെ സെനികശേഷി വർധിപ്പിക്കാനും സെെന്യത്തെ നവീകരിക്കാനും സാധിക്കുന്നില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ 2024-25 ലെ പ്രതിരോധ ബജറ്റിൽ സൈനിക നവീകരണത്തിന് 28 ശതമാനം മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. പ്രതിരോധ ചെലവ് ജിഡിപിയുടെ 1.9 ശതമാനം മാത്രമാണ്. ചൈന-പാകിസ്താനിൽ കൂട്ടുകെട്ട് ഉയർത്തുന്ന ഭീഷണി പ്രതിരോധിക്കാൻ കുറഞ്ഞത് ചെലവ് 2.5 ശതമാനം വേണ്ടയിടത്താണ് ഈ കുറവ്. ഇന്ത്യയുടെ അയൽ രാജ്യമായ ചൈന കര, നാവിക, വ്യോമ മേഖലകളിലെ സൈനികർക്കു പുറമെ, ആണവ, ബഹിരാകാശ, സൈബർ മേഖലകളിലും സൈന്യത്തെ നവീകരിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കാൾ നാലിരട്ടി തുകയാണ് ചൈന ഓരോ വർഷവും നീക്കിവെക്കുന്നത്. 2023ൽ ആഗോള തലത്തിൽ 2443 ബില്യൺ ഡോളറാണ് സൈനിക ചെലവ്.