ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ എത്തിച്ചു നൽകിയിട്ടും നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. മോദിക്കെതിരായ പരാതികളിൽ ഡൽഹി പൊലീസും കേസെടുത്തിട്ടില്ല. പരാതികൾ ലഭിച്ച കാര്യം സ്ഥിരീകരിക്കാൻ പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല.
അതിനിടെ മോദിക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സുപ്രിംകോടതിയിൽ പരാതി നൽകി. വിദ്വേഷ പ്രസംഗത്തിനെതിരായ മറ്റു ഹർജികൾക്കൊപ്പമാണ് ഇതും പരിഗണിക്കുക. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രിംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു. മോദിക്കെതിരെ കേസെടുക്കാത്തത് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം.
മോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷപ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്രളയമാണ്. 20,000ത്തോളം പേരാണ് മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് 24 മണിക്കൂറിനിടെ കമ്മിഷന് കത്തെഴുതിയത്. കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഔദ്യോഗികമായി നൽകിയ പരാതിക്കു പുറമെയാണ് വിവിധ സാമൂഹിക പ്രവർത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്.
ആയിരങ്ങൾ ഒപ്പുവച്ച പരാതികളായും ഒറ്റയ്ക്കും ഇ-മെയിലിലും മറ്റും കമ്മിഷന് പരാതികൾ ലഭിച്ചിട്ടുണ്ട്. മോദിയുടെ പ്രസംഗം ആപൽക്കരമാണെന്നും ഇന്ത്യയിലെ മുസ്ലിംകൾക്കെതിരായ നേരിട്ടുള്ള ആക്രമണമാണതെന്നും 2,200ലേറെ പേർ ഒപ്പുവച്ച ഒരു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വോട്ട് പിടിക്കാനായി മുസ്ലിംകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങളാണു നടത്തിയിരിക്കുന്നത്. ലോകത്തെ ജനാധിപത്യത്തിന്റെ മാതാവെന്ന ഇന്ത്യയുടെ സൽപ്പേരിനാണ് ഇതു കളങ്കം ചാർത്തുന്നതെന്നും പരാതിയിൽ പറഞ്ഞു.
സംവിധാൻ ബച്ചാവോ നാഗരിക് അഭിയാൻ എന്ന എൻ.ജി.ഒ സമർപ്പിച്ച പരാതിയിൽ 17,400ലേറെ പേരാണ് ഒപ്പുവച്ചത്. സാമുദായിക വികാരമുണർത്താൻ മാത്രമല്ല, മുസ്ലിംകൾക്കെതിരെ ഹിന്ദുക്കൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണു പ്രസംഗത്തിലെ പരാമർശങ്ങളെന്ന് സംവിധാൻ ബച്ചാവോ ആരോപിച്ചു. മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരാണെന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരാണെന്നുമാണ് പ്രസംഗത്തിൽ ആക്ഷേപിക്കുന്നത്. കോൺഗ്രസ് പ്രകടനപത്രികയിൽ എവിടെയുമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് മോദി കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും പച്ചയായ ലംഘനമാണിതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.