ജയ്പുര്‍: ഐപിഎൽ ചരിത്രത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായി രാജസ്ഥാന് റോയല്‍സിന്റെ യുസ്വേന്ദ്ര ചാഹല്‍. ജയ്പുരിൽ മുംബൈക്കെതിരെ നടന്ന മത്സരത്തിലാണ് ലെഗ് സ്പിന്നറുടെ ഈ നേട്ടം. മുംബൈയുടെ മുഹമ്മദ് നബിയെ പുറത്താക്കിയാണ് റെക്കോഡിനുടമയായത്. ഇതോടെ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പിനുടമയാവാനും ചാഹലിന് കഴിഞ്ഞു. 153 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബെംഗളൂരുവിനായി 139 വിക്കറ്റും രാജസ്ഥാനായി 61 വിക്കറ്റുമാണ് നേടിയത്. രാജസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരവുമാണ് ചാഹല്‍. 67 വിക്കറ്റുകളുമായി ഷെയിന്‍ വോണും 65 വിക്കറ്റുകളുമായി സിദ്ദാര്‍ഥ് ത്രിവേദിയുമാണ് മുന്പിലുള്ളത്.
2022 സീസണിലാണ് ചാഹൽ രാജസ്ഥാനിലെത്തിയത്. ആദ്യ സീസണിൽ തന്നെ ടീമിന് വേണ്ടി പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കാനും ചാഹലിനായി. 17 മത്സരങ്ങളില്‍നിന്ന് 27 വിക്കറ്റുകളാണ് ആ സീസണില്‍ സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് ഓള് റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയെ മറികടന്നാണ് ചാഹല്‍ ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാരനായത്. 152 മത്സരങ്ങളില്‍ നിന്നാണ് ചാഹലിന്റെ 200 വിക്കറ്റ് നേട്ടമെങ്കില്‍ 161 മത്സരങ്ങളില്‍നിന്ന് 183 വിക്കറ്റുകളാണ് ചെന്നൈ താരമായിരുന്ന ഡ്വെയിന്‍ ബ്രാവോ നേടിയത്. 181 വിക്കറ്റുമായി പിയുഷ് ചൗളയും 174 വിക്കറ്റുമായി ഭുവനേശ്വര്‍ കുമാറും അടുത്തടുത്ത സ്ഥാനങ്ങളില്‍ തുടരുന്നു.