മുല്ലൻപുർ: ഐപിഎലിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് വിജയം. 143 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൈറ്റന്സ് 5 പന്തുകൾ ശേഷിക്കേ ജയം പിടിച്ചെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയയുടെ ഇന്നിങ്സ് (18 പന്തിൽ 36*) ഗുജറാത്തിന്റെ ജയത്തിൽ നിർണായകമായി. സ്കോർ: പഞ്ചാബ് കിങ്സ് – 20 ഓവറിൽ 142ന് പുറത്ത്, ഗുജറാത്ത് ടൈറ്റൻസ് – 19.1 ഓവറിൽ 7ന് 146.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ 143 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. ഓപ്പണർമാരായ പ്രഭ്സിമ്രാൻ (35), ക്യാപ്റ്റൻ സാം കറൻ (20) എന്നിവർ നൽകിയ ഭേദപ്പെട്ട പ്രകടനം മുതലാക്കാനാകാതെ മധ്യനിര തകർന്നടിഞ്ഞത് പഞ്ചാബിന് തിരിച്ചടിയായി. റിലി റൂസോ ( 9), ലിയാം ലിവിങ്സ്റ്റൺ (6), ശശാങ്ക് സിങ് (8), അശുതോഷ് ശർമ (3), ഹർപ്രീത് സിങ് ഭാട്യ (14), ഹർഷൽ പട്ടേൽ (0) എന്നിവരെല്ലാം ഗുജറാത്ത് ബോളർമാർക്കു മുന്നിൽ പൊരുതാതെ കീഴടങ്ങി. 12 പന്തിൽ 29 റൺസ് നേടിയ ഹർപ്രീത് ബ്രാർ മാത്രമാണ് മധ്യനിരയിൽ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. ഗുജറാത്തിനായി ആർ. സായ് കിഷോർ 4 വിക്കറ്റ് നേടി. മോഹിത് ശർമയും നൂർ അഹമ്മദും രണ്ട് വീതം വിക്കറ്റ് പിഴുതു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഓപ്പണർ വൃദ്ധിമാൻ സാഹയെ (11 പന്തിൽ 13), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (29 പന്തിൽ 35) മോശമല്ലാതെ തിളങ്ങി. പിന്നീട് വിക്കറ്റുകൾ തുരുതുരാ വീണതോടെ ഗുജറാത്ത് പ്രതിസന്ധിയിലായി. അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയ (36*), നടത്തിയ ഒറ്റയാൾ പ്രകടനമാണ് ഗുജറാത്തിനെ വിജയ തീരത്തെത്തിച്ചത്. പഞ്ചാബിനായി ഹർഷൽ പട്ടേൽ മുന്നും ലിവിങ്സ്റ്റണ് രണ്ടു വീതം വിക്കറ്റുകൾ സ്വന്തമാക്കി.