ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പ്രമേഹ ചികിത്സയ്ക്കായി ഇൻസുലിൻ കുത്തിവയ്പിന്റെ ആവശ്യമില്ലെന്ന് തിഹാർ ജയിൽ അധികൃതരുടെ റിപ്പോർട്ട്. അറസ്റ്റിലാകുന്നതിന് മാസങ്ങൾക്കുമുമ്പ് കെജ്രിവാൾ ഇൻസുലിൻ കുത്തിവയ്ക്കുന്നത് നിർത്തിയിരുന്നെന്നും നിലവിൽ ഒരു തുള്ളിമരുന്നുമാത്രം മതിയാകുമെന്നാണ് ലഫ്. ഗവർണർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.
റിപ്പോർട്ട് പുറത്തുവന്നതോടെ, ജയിലിനുള്ളിൽ കെജ്രിവാളിനെ കൊലപ്പെടുത്താനുള്ള ബിജെപി ഗൂഢാലോചനയാണ് പുറത്തായതെന്ന് എഎപി മന്ത്രി അതിഷി മർലേന ആരോപിച്ചു. 12 വർഷമായി കെജ്രിവാൾ ഇൻസുലിൽ കുത്തിവയ്ക്കുന്നുണ്ടെന്നും അത് നൽകുന്നതിൽ ജയിൽ അധികൃതർക്ക് എന്ത് പ്രശ്നമാണുള്ളതെന്നും അവർ ചോദിച്ചു. മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാൾ ഏപ്രിൽ ഒന്നുമുതൽ തിഹാർ ജയിലിലാണ്. പഴങ്ങളും മധുര പലഹാരങ്ങളും കഴിച്ച് പ്രമേഹം കൂടാൻ വഴിയൊരുക്കി ജാമ്യം നേടാൻ കെജ്രിവാൾ ശ്രമിക്കുകയാണെന്ന് ഇഡി കോടതിയിൽ ആരോപിച്ചിരുന്നു.