പത്തനംതിട്ട : പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിക്കൊപ്പം നിന്ന് തന്റെ സഹോദരനെ ആക്രമിക്കുകയാണ്. ഒട്ടേറെ അഴിമതി ആരോപണങ്ങൾ വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. കേന്ദ്രവും സംസ്ഥാനവും സ്ത്രീകളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വാളയാർ, വണ്ടിപ്പെരിയാൽ സംഭവങ്ങൾ പരാമർശിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. പിണറായിയെ വിമർശിച്ച് കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയും പ്രസംഗിച്ചിരുന്നു.
രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നത്’’– പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാർ.’’– പ്രിയങ്ക ഗാന്ധി പറഞ്ഞു.