കൊച്ചി: സ്വർണ വിലയിലെ വൻ വർധനയ്ക്കൊപ്പം ഇറക്കുമതി ചുങ്കത്തിലെ വർധനയും സ്വർണക്കടത്തിന്റെ തോത് ഉയരാൻ കാരണമാകുന്നതായി കണക്കുകൾ. 2004ൽ രണ്ടു ശതമാനമുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം നിലവിൽ 15% ആണ്. നിയമപരമല്ലാതെ സ്വർണം കടത്തിയാൽ ഒരു കിലോഗ്രാമിൽ 10 ലക്ഷം രൂപയുടെ ലാഭം നേടാമെന്നതാണ് കള്ളക്കടത്തുകാരെ ആകർഷിക്കുന്ന ഘടകം. സമാന്തര സ്വർണക്കച്ചവടം മൂലം സർക്കാർ ഖജനാവിലേക്ക് എത്താതെ പോകുന്നത് ഏകദേശം 3000 കോടി രൂപയുടെ നികുതിയാണ്.
12.5% നികുതിയും 2.5% സെസും ചേർത്താണ് ഇറക്കുമതിച്ചുങ്കം ഈടാക്കുന്നത്. ഇതിനു പുറമേ 3% ജിഎസ്ടിയുമുണ്ട്. പ്രതിവർഷം 800 മുതൽ 1000 ടൺ വരെ സ്വർണം നികുതിയടച്ച് രാജ്യത്തേക്ക് കൊണ്ടുവരുന്നതായാണ് കണക്ക്. ഒരു കിലോഗ്രാം സ്വർണത്തിന് നികുതി ഉൾപ്പെടെ 75 ലക്ഷം രൂപയാണ് മൂല്യം. ഇതൊഴിവാക്കി കൊണ്ടുവന്നാൽ ലാഭം കുറഞ്ഞത് 10 ലക്ഷം രൂപയോളമാണ്. ഏകദേശം രണ്ടുലക്ഷം കോടി രൂപയുടേതാണു കേരളത്തിലെ അനധികൃത സ്വർണ വ്യാപാര മേഖല.
ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്ത് കുറയണമെങ്കിൽ ഇറക്കുമതിച്ചുങ്കം എടുത്തുകളണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ പറയുന്നു. 3 കോടി രൂപയ്ക്കു മുകളിൽ മൂല്യമുള്ള സ്വർണം മാത്രമേ ഉദ്യോഗസ്ഥർ പിടിച്ചെടുക്കൂ. അതുകൊണ്ടുതന്നെ കാരിയർമാർ ഭൂരിഭാഗവും ഈ പരിധി പാലിക്കും. പിടിക്കപ്പെട്ടാൽ നികുതി അടച്ചു രക്ഷപ്പെടും. കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം എടുത്തു കളയുകയോ, നികുതി 5% ആക്കുകയോ ചെയ്താൽ കള്ളക്കടത്ത് നിയന്ത്രിക്കാൻ കഴിയുമെന്നും ഇപ്പോൾ ലഭിക്കുന്ന നികുതി വരുമാനം വർധിക്കുമെന്നും അദ്ദേഹം പറയുന്നു.